താജ്മഹൽ സന്ദർശിക്കാൻ എത്തിയ വിദേശ വനിതയെ ശല്യംചെയ്തു; യുവാവ് അറസ്റ്റിൽ
Monday, April 7, 2025 12:30 AM IST
ന്യൂഡൽഹി: താജ്മഹൽ സന്ദർശിക്കാൻ എത്തിയ ചെക്ക് റിപ്പബ്ലിക്കിൽ നിന്നുള്ള വിനോദസഞ്ചാരിയെ ഉപദ്രവിച്ചയാൾ അറസ്റ്റിൽ. ഏപ്രിൽ മൂന്നിനാണ് സംഭവം നടന്നതെന്നും വിശദമായ അന്വേഷണത്തിന് ശേഷമാണ് അറസ്റ്റ് നടത്തിയതെന്നും പോലീസ് പറഞ്ഞു.
ഉച്ചയ്ക്ക് ഒന്നോടെ ഷംഷാൻ ഘട്ട് റോഡിലൂടെ നടക്കുമ്പോൾ ഒരാൾ അനുവാദമില്ലാതെ സ്പർശിക്കുകയും ഉപദ്രവിക്കാൻ ശ്രമിക്കുകയും ചെയ്തുവെന്ന് ടൂറിസ്റ്റ് പോലീസ് സ്റ്റേഷനിൽ രേഖാമൂലം നൽകിയ പരാതിയിൽ യുവതി ആരോപിച്ചു.
വിദേശ വനിതയുടെ പരാതിയിൽ കേസ് രജിസ്റ്റർ ചെയ്തതായി അസിസ്റ്റന്റ് പോലീസ് കമ്മീഷണർ (താജ് സെക്യൂരിറ്റി) സയ്യിദ് അരീബ് അഹമ്മദ് പറഞ്ഞു. പ്രതിയെ തിരയാൻ നിരവധി സംഘങ്ങളെ വിന്യസിച്ചിരുന്നു. പ്രദേശത്തെ നിരവധി സിസിടിവി കാമറകളിൽ നിന്നുള്ള ദൃശ്യങ്ങൾ സ്കാൻ ചെയ്തു. അന്വേഷണത്തിന് ശേഷം ഞായറാഴ്ച പ്രതി കരൺ റാത്തോഡിനെ അറസ്റ്റ് ചെയ്തുവെന്നും അദ്ദേഹം വ്യക്തമാക്കി.