അടുത്ത തെരഞ്ഞെടുപ്പിലും പിണറായി നയിക്കും; കോൺഗ്രസിനോട് നിലവിലെ സമീപനം തുടരും: എം.എ. ബേബി
Sunday, April 6, 2025 6:30 PM IST
മധുര: കോൺഗ്രസിനോട് നിലവിലെ സമീപനം തുടരുമെന്ന് സിപിഎം ജനറൽ സെക്രട്ടറി എം.എ. ബേബി. ഓരോ സംസ്ഥാനത്തും ഓരോ സാഹചര്യമാണെന്നും സംസ്ഥാനങ്ങൾക്കനുസൃതമായ സഹകരണമാകും തുടരുകയെന്നും അദ്ദേഹം വ്യക്തമാക്കി.
ഇന്ത്യ സഖ്യത്തിന്റെ ഭാഗമായിരിക്കുമ്പോളും ഡൽഹി തെരഞ്ഞെടുപ്പിൽ കോൺഗ്രസും എഎപിയും തമ്മിൽ മത്സരിച്ചത് ബേബി ചൂണ്ടിക്കാട്ടി. കേരളത്തിൽ എതിരിടുമ്പോഴും ദേശീയ സാഹചര്യത്തിൽ സഹകരണമെന്ന സുർജിത്തിന്റെയും യെച്ചൂരിയുടെയും സമീപനമാകും താനും തുടരുകയെന്ന് ബേബി പറഞ്ഞു.
നിലവിൽ പാർട്ടിയിലെ മുതിർന്ന നേതാവും കേരളത്തിലെ മുഖ്യമന്ത്രിയുമാണ് പിണറായി വിജയൻ. സ്വാഭാവികമായും അടുത്ത തെരഞ്ഞെടുപ്പിൽ പിണറായി വിജയൻ ഇടതുപക്ഷ ജനാധിപത്യ മുന്നണിയെ രാഷ്ട്രീയമായ പ്രചാരണത്തിലും സംഘടനാകാര്യത്തിലുമെല്ലാം നയിക്കും. ഒരു തുടർഭരണം വീണ്ടും കിട്ടിയാൽ അന്ന് ആരാണ് മുഖ്യമന്ത്രിയാകുക എന്ന കാര്യം ഇപ്പോൾ ചർച്ചചെയ്യേണ്ട കാര്യമില്ല.
സമയമാകുമ്പോൾ പാർട്ടി കൃത്യമായ തീരുമാനമെടുക്കും. നിലവിലെ മുഖ്യമന്ത്രി അടുത്ത തെരഞ്ഞെടുപ്പിൽ മുന്നണിയെ നയിക്കുകയെന്നത് സ്വാഭാവിക കാര്യമല്ലേ. അതിലെന്ത് സംശയമാണുള്ളത്. തുടർഭരണം കിട്ടാനുള്ള പ്രവർത്തനങ്ങളുണ്ടാകണമെന്നാണ് പാർട്ടി കോൺഗ്രസ് തീരൂമാനിച്ചിട്ടുള്ളതെന്നും അദ്ദേഹം വിവരിച്ചു.