സഭയ്ക്കെതിരായ ലേഖനം ആര്‍എസ്എസിന്റെ നിഗൂഢ അജണ്ട അടിവരയിടുന്നത്: വി.ഡി. സതീശന്
Sunday, April 6, 2025 1:03 PM IST
തിരുവനന്തപുരം: കത്തോലിക്കാ സഭയ്ക്ക് വഖഫ് ബോർഡിനേക്കാൾ സ്വത്തുണ്ടെന്നും ഇന്ത്യയിലെ ഏറ്റവും വലിയ സർക്കാർ ഇതര ഭൂവുടമസ്ഥർ കത്തോലിക്കാ സഭയാണെന്നും ചൂണ്ടിക്കാട്ടി ആർഎസ്എസ് മുഖപത്രമായ ‘ഓർഗനൈസറി’ൽ വന്ന ലേഖനത്തെ വിമർശിച്ച് പ്രതിപക്ഷ നേതാവ് വി.ഡി. സതീശന്.
ആര്‍എസ്എസിന്റെ നിഗൂഢ അജണ്ട അടിവരയിടുന്നതാണ് ലേഖനമെന്നാണ് അദ്ദേഹം കുറ്റപ്പെടുത്തിയത്. ന്യൂനപക്ഷ വിഭാഗത്തെ തിരഞ്ഞുപിടിച്ച് ആക്രമിക്കുന്നതാണ് ആര്‍എസ്എസ് രീതി. കത്തോലിക്കാസഭയ്ക്ക് സര്‍ക്കാര്‍ നല്കിയ സ്ഥലം തിരിച്ചു പിടിക്കണം എന്നാണ് ആര്‍എസ്എസ് പറയുന്നത്.
ഓര്‍ഗനൈസര്‍ ലേഖനം മുക്കിയെങ്കിലും ലക്ഷ്യം ഇല്ലാതാകുന്നില്ല. ആട്ടിന്‍തോലിട്ട ചെന്നായ്ക്കളെ മതേതര സമൂഹം തിരിച്ചറിയുമെന്നും സംഘപരിവാറിന്റെ കപട ന്യൂനപക്ഷ സ്നേഹം രാഷ്ട്രീയ മുതലെടുപ്പിന് വേണ്ടിയാണെന്നും സതീശൻ ആരോപിച്ചു.
"കത്തോലിക്കാ സഭയും വഖഫ് ബോർഡും തമ്മിലുള്ള സംവാദം’ എന്ന തലക്കെട്ടോടെയാണ് കത്തോലിക്കാ സഭയുടെയും വഖഫ് ബോർഡിന്റെയും ഭൂവുടമസ്ഥാവകാശത്തെ താരതമ്യപ്പെടുത്തുന്ന ലേഖനം പുറത്തുവന്നത്. മൂന്നിന് പുറത്തുവന്ന ലേഖനം വിവാദമായതോടെ ഓർഗനൈസർ വെബ്സൈറ്റിൽനിന്ന് നീക്കം ചെയ്തു.