കെഎസ്ആർടിസി ബസും ബൈക്കും കൂട്ടിയിടിച്ച് അപകടം; മദ്രസ അധ്യാപകൻ മരിച്ചു
Sunday, April 6, 2025 12:19 PM IST
കോഴിക്കോട്: കുന്ദമംഗലം പതിമംഗലത്ത് കെഎസ്ആർടിസി ബസ് ബൈക്കുമായി കൂട്ടിയിടിച്ച് ഒരാൾ മരിച്ചു. ബൈക്ക് യാത്രികനായ തോട്ടുമുക്കം ഹയാത്തുൽ ഇസ്ലാം മദ്രസയിലെ അധ്യാപകനായ മലപ്പുറം മുതുവല്ലൂർ സ്വദേശി മുഹമ്മദ് ജസീൽ (22) ആണ് മരിച്ചത്. ഒപ്പമുണ്ടായിരുന്ന കാവന്നൂർ സ്വദേശി ഷഹബാസ് അഹമ്മദിന് (24) ഗുരുതരമായി പരുക്കേറ്റു.
പുലർച്ചെ ഒരു മണിയോടെയായിരുന്നു അപകടം. ഗുണ്ടൽപേട്ടിൽ നിന്ന് കോഴിക്കോട്ടേക്ക് വരികയായിരുന്ന കെഎസ്ആർടിസി സൂപ്പർഫാസ്റ്റ് ബസും കുന്ദമംഗലം ഭാഗത്തുനിന്ന് കൊടുവള്ളി ഭാഗത്തേക്ക് പോവുകയായിരുന്ന ബൈക്കും തമ്മിൽ കൂട്ടിയിടിക്കുകയായിരുന്നു. ഇടിയുടെ ആഘാതത്തിൽ റോഡിലേക്ക് തെറിച്ചുവീണ ഇരുവരെയും കോഴിക്കോട് മെഡിക്കൽ കോളജ് ആശുപത്രിയിൽ എത്തിച്ചെങ്കിലും മുഹമ്മദ് ജസീലിന്റെ മരണം സംഭവിച്ചിരുന്നു.