തൊഴില്‍ പീഡനക്കേസിൽ ട്വിസ്റ്റ്; പരാതി അടിസ്ഥാനരഹിതമെന്ന് തൊഴിൽ വകുപ്പ്
Sunday, April 6, 2025 4:29 AM IST
കൊച്ചി: സ്വകാര്യ മാര്‍ക്കറ്റിംഗ് സ്ഥാപനത്തിലെ തൊഴില്‍ പീഡനക്കേസിൽ ട്വിസ്റ്റ്. തൊഴിൽ പീഡനം എന്ന പരാതി അടിസ്ഥാനരഹിതമെന്ന് തൊഴിൽ വകുപ്പ് കണ്ടെത്തി. പരാതിക്ക് ആസ്പദമായ ദൃശ്യത്തിൽ ഉൾപ്പെട്ടവരുടെ മൊഴിയെടുത്ത ശേഷമാണ് തൊഴിൽ പീഡനം നടന്നിട്ടില്ലെന്ന നിഗമനത്തിലേക്ക് തൊഴിൽ വകുപ്പ് എത്തിയത്.
തൊഴിലിടത്തിലെ രണ്ടു വ്യക്തികൾ തമ്മിൽ ഉണ്ടായ പ്രശ്നത്തെ തൊഴിൽ പീഡനം എന്ന് ചിത്രീകരിക്കുകയായിരുന്നു എന്ന നിഗമനത്തിലാണ് തൊഴിൽ വകുപ്പ്. ഇക്കാര്യം വ്യക്തമാക്കി ഇന്ന് മന്ത്രിക്ക് റിപ്പോർട്ട് സമർപ്പിക്കും. ഉണ്ടായത് തൊഴില്‍ പീഡനമല്ലെന്ന് ദൃശ്യങ്ങളില്‍ കാണുന്ന യുവാവ് പോലീസിനും തൊഴില്‍ വകുപ്പിനും നേരത്തെ മൊഴി നൽകിയിരുന്നു.
കഴുത്തില്‍ ബെല്‍റ്റിട്ട് നായയെ പോലെ ചെറുപ്പക്കാരെ നടത്തിക്കുന്ന ദൃശ്യങ്ങളാണ് കഴിഞ്ഞ ദിവസം പുറത്തുവന്നത്. സ്വകാര്യ മാര്‍ക്കറ്റിംഗ് സ്ഥാപനം ടാര്‍ജറ്റ് അച്ചീവ് ചെയ്യാത്ത ചെറുപ്പക്കാരെ ഇത്തരത്തിൽ ശിക്ഷിക്കുന്നെന്ന ആരോപണമാണ് ഉയര്‍ന്നത്. കഴിഞ്ഞ സെപ്റ്റംബറിലാണ് ഈ സംഭവം നടന്നത്.
ഇതടക്കം ക്രൂരമായ ശിക്ഷകള്‍ സ്ഥാപനത്തില്‍ നിന്ന് നേരിടേണ്ടി വന്നിട്ടുണ്ടെന്നും ഏതാനും മാസങ്ങള്‍ മുമ്പു വരെ ഇവിടെ ജോലി ചെയ്തിരുന്ന ഫോര്‍ട്ട് കൊച്ചി സ്വദേശി ആരോപിച്ചിരുന്നു. ഇതോടെയാണ് തൊഴില്‍ വകുപ്പും പോലീസും അന്വേഷണം ആരംഭിച്ചത്.