പഞ്ചാബിനെ തകർത്തു; രാജസ്ഥാന് രണ്ടാം ജയം
Saturday, April 5, 2025 11:28 PM IST
ചണ്ഡീഗഡ്: ഐപിഎല്ലിൽ രാജസ്ഥാൻ റോയൽസിന് ഗംഭീര ജയം. ഇന്ന് നടന്ന മത്സരത്തിൽ പഞ്ചാബ് കിംഗ്സിനെ 50 റൺസിന് തകർത്തു. സീസണിലെ രാജസ്ഥാന്റെ രണ്ടാം വിജയമാണ് ഇന്നത്തേത്.
രാജസ്ഥാൻ ഉയർത്തിയ 206 റൺസ് വിജയലക്ഷ്യം പിന്തുടർന്ന പഞ്ചാബിന് 155 റൺസ് എടുക്കാനെ സാധിച്ചുള്ളു. ഒന്‍പത് വിക്കറ്റ് നഷ്ടത്തിലാണ് പഞ്ചാബ് 155 റൺസ് എടുത്തത്. പഞ്ചാബ് നിരയിൽ 62 റൺസെടുത്ത നെഹാൽ വധേരയ്ക്കും 30 റൺസെടുത്ത ഗ്ലെമൻ മാക്സ്വെല്ലിനും മാത്രമാണ് തിളങ്ങാനായത്.
രാജസ്ഥാന് വേണ്ടി ജോഫ്ര ആർച്ചർ മൂന്ന് വിക്കറ്റെടുത്തു. സന്ദീപ് ശർമയും മഹേഷ് തീക്ഷണയും രണ്ട് വിക്കറ്റ് വീതവും കുമാർ കാർത്തികേയയും വനിന്ദു ഹസരംഗയും ഓരോ വിക്കറ്റ് വീതവും വീഴ്ത്തി.
ആദ്യം ബാറ്റ് ചെയ്ത രാജസ്ഥാൻ നാല് വിക്കറ്റ് നഷ്ടത്തിലാണ് 205 റൺസ് എടുത്തത്. യശസ്വി ജയ്സ്വാള്‍ (45 പന്തില്‍ 67), റിയാന്‍ പരാഗ് (25 പന്തില്‍ 43) എന്നിവരുടെ പ്രകടനമാണ് രാജസ്ഥാനെ കൂറ്റന്‍ സ്കോറിലേക്ക് നയിച്ചത്. സഞ്ജു സാംസണ് (26 പന്തില്‍ 38) നിര്‍ണായക പ്രകടനം പുറത്തെടുത്തു.