വെള്ളാപ്പള്ളിയുടെ മലപ്പുറം പരാമർശം; നിയമനടപടിക്ക് ഒരുങ്ങി ലീഗ്
Saturday, April 5, 2025 9:28 PM IST
കൊച്ചി: സമൂഹത്തിൽ വിഭാഗീയതയും വർഗീയതയും പരസ്പര വിദ്വേഷവും വളർത്തുന്ന പ്രവർത്തനമാണ് വെള്ളാപ്പള്ളി നടത്തിയതെന്ന് മുസ്ലീം ലീഗ് സംസ്ഥാന ജനറൽ സെക്രട്ടറി പിഎംഎ സലാം. സംഘപരിവാർ പോലും പറയാൻ മടിക്കുന്ന പ്രസ്താവനയാണ് വെള്ളാപ്പള്ളി നടത്തിയതെന്നും സലാം പറഞ്ഞു.
താൻ നടത്തിയ പ്രസ്താവന യാഥാർത്ഥ്യമാണോ എന്ന് അറിയാൻ മലപ്പുറത്ത് കുറച്ച് ദിവസം വെള്ളാപ്പള്ളി താമസിക്കണം. വെള്ളാപ്പള്ളിക്കെതിരെ നിയമ നടപടി സ്വീകരിക്കാൻ ലീഗ് ആലോചിക്കുകയാണെന്നും നടപടി സ്വീകരിക്കേണ്ടത് ജനാധിപത്യ സർക്കാരിന്റെ ബാധ്യതയാണെങ്കിലും അത് നിർവഹിക്കാൻ ഇടത് സർക്കാർ പരാജയപ്പെടുകയാണെന്നും പിഎംഎ സലാം പറഞ്ഞു.
വെള്ളാപ്പള്ളിക്ക് ഇത്തരം പരാമർശം ഭൂഷണമാണെങ്കിലും കേരളീയ പൊതു സമൂഹത്തിന്റെ മാന്യതയ്ക്ക് യോജിക്കാത്ത പ്രസ്താവനയാണ് നടത്തിയത്. വിവാദങ്ങൾ ഉണ്ടാക്കുന്ന പ്രസ്താവനകൾ വെള്ളാപ്പള്ളി മുൻപും നടത്തിയിട്ടുണ്ട്. എന്നാൽ പറഞ്ഞ കാര്യങ്ങളിൽ ഉറച്ച് നിൽക്കാറില്ല. രാവിലെ പറയുന്നത് വൈകീട്ട് മാറ്റി പറയും എന്നും സലാം പറഞ്ഞു.