വെടിക്കെട്ട് ബാറ്റിംഗുമായി ജയ്സ്വാളും സഞ്ജുവും പരാഗും; രാജസ്ഥാന് കൂറ്റൻ സ്കോർ
Saturday, April 5, 2025 9:24 PM IST
ചണ്ഡീഗഡ്: ഐപിഎല്ലിൽ പഞ്ചാബ് കിംഗ്സിനെതിരായ മത്സരത്തിൽ രാജസ്ഥാൻ റോയൽസിന് കൂറ്റൻ സ്കോർ. ആദ്യം ബാറ്റ് ചെയ്ത രാജസ്ഥാൻ 20 ഓവറിൽ നാല് വിക്കറ്റ് നഷ്ടത്തിൽ 205 റൺസാണ് എടുത്തത്.
67 റൺസ് നേടിയ യശസ്വി ജയ്സ്വാളാണ് രാജസ്ഥാന്റെ ടോപ് സ്കോറര്‍. മികച്ച തുടക്കമാണ് ഓപ്പണര്‍മാരായ സഞ്ജു സാംസണും യശസ്വി ജയ്സ്വാളും രാജസ്ഥാന് നൽകിയത്. ഒന്നാം വിക്കറ്റിൽ ഇരുവരും ചേര്‍ന്ന് 89 റൺസാണ് കൂട്ടിച്ചേര്‍ത്തത്.
കഴിഞ്ഞ മത്സരങ്ങളിലെ മോശം ഫോമിന്റെ പേരിൽ ഏറെ പഴി കേട്ടിരുന്ന ഓപ്പണര്‍ യശസ്വി ജയ്സ്വാള്‍ ഇന്ന് ഫോമിലേയ്ക്ക് ഉയര്‍ന്നതാണ് രാജസ്ഥാന്റെ ഇന്നിംഗ്സിൽ നിര്‍ണായകമായത്.
ഓപ്പണര്‍മാരുടെ കരുത്തിൽ പവര്‍ പ്ലേ അവസാനിക്കും മുമ്പ് തന്നെ ടീം സ്കോര്‍ 50 കടന്നിരുന്നു.
10.2 ഓവറിൽ സ്കോര്‍ 89 റൺസിൽ എത്തി നിൽക്കവെ 38 റൺസ് നേടിയ സഞ്ജു പുറത്തായി. 26 പന്തുകൾ നേരിട്ട സഞ്ജു ആറ് ബൗണ്ടറികൾ പറത്തിയിരുന്നു. സഞ്ജു മടങ്ങിയതിന് പിന്നാലെ ജയ്സ്വാൾ അര്‍ധ സെഞ്ച്വറി പൂര്‍ത്തിയാക്കി.
12-ാം ഓവറിൽ ടീം സ്കോര്‍ 100 കടന്നു. 13-ാം ഓവറിലും ആക്രമണം തുടര്‍ന്ന ജയ്സ്വാൾ 14-ാം ഓവറിന്റെ രണ്ടാം പന്തിൽ ലോക്കി ഫെര്‍ഗൂസന്റെ നക്കിൾബോളിന് മുന്നിൽ കീഴടങ്ങി. 45 പന്തുകൾ നേരിട്ട ജയ്സ്വാൾ അഞ്ച് സിക്സറുകളുടെയും മൂന്ന് ബൗണ്ടറികളുടെയും അകമ്പടിയോടെ 67 റൺസ് സ്വന്തമാക്കിയാണ് മടങ്ങിയത്.
അവസാന മത്സരത്തിൽ ചെന്നൈ സൂപ്പര്‍ കിംഗ്സിനെതിരെ തിളങ്ങിയ നിതീഷ് റാണ ഇന്ന് നിരാശപ്പെടുത്തി. ഏഴ് പന്തുകൾ നേരിട്ട റാണയ്ക്ക് വെറും 12 റൺസ് മാത്രമാണ് നേടാനായത്. അവസാന ഓവറുകളിൽ ആഞ്ഞടിച്ച റിയാൻ പരാഗും ഷിമ്രോൺ ഹെറ്റ്മെയറുമാണ് രാജസ്ഥാന്റെ സ്കോര്‍ കടത്താൻ 200 കടത്താൻ സഹായിച്ചത്. 25 പന്തിൽ 43 റൺസ് നേടിയ പരാഗ് പുറത്താകാതെ നിന്നു. 5 പന്തുകളിൽ 13 റൺസ് നേടിയ ധ്രുവ് ജുറെലിന്റെ ഇന്നിംഗ്സും നിര്‍ണായകമായി.
പഞ്ചാബിന് വേണ്ടി ലോക്കി ഫെർഗൂസൻ രണ്ട് വിക്കറ്റെടുത്തു. അർഷ്ദീപ് സിംഗും മാർക്കോ യാൻസനും ഓരോ വിക്കറ്റ് വീതം വീഴ്ത്തി.