പ്രായപരിധിയിൽ ആർക്കും ഇളവ് വേണ്ട; പാർട്ടി കോൺഗ്രസിൽ നിലപാടെടുത്ത് ബംഗാൾ ഘടകം
Saturday, April 5, 2025 7:35 PM IST
മധുര: സിപിഎമ്മിന്റെ 24-ാം പാർട്ടി കോൺഗ്രസിൽ പ്രായപരിധി കർശനമായി നടപ്പാക്കണമെന്ന് നിലപാടെടുത്ത് ബംഗാൾ ഘടകം. പിബി നിശ്ചയിച്ച വ്യവസ്ഥ പിബി തന്നെ ലംഘിക്കരുതെന്നാണ് ബംഗാൾ ഘടകത്തിന്റെ ആവശ്യം.
പിബി യോഗത്തിൽ നിലപാട് ശക്തമായി ഉന്നയിക്കാനാണ് ബംഗാൾ ഘടകത്തിന്റെ തീരുമാനം. പോളിറ്റ് ബ്യൂറോയിൽ ആർക്കും പ്രായപരിധിയിൽ ഇളവു വേണ്ടെന്നാണ് ബംഗാൾ ഘടകത്തിന്റെ നിലപാട്.
പിണറായി വിജയന് പ്രായപരിധിയിൽ ഇളവ് നൽകാനുള്ള നീക്കത്തിലും ചില നേതാക്കൾ എതിർപ്പ് ഉന്നിയിച്ചിട്ടുണ്ട് എന്നാണ് സൂചന. അതേസമയം അംഗത്വ ഫീസ് വർധിപ്പിക്കാൻ മധുരയിൽ ചേരുന്ന സിപിഎം പാർട്ടി കോൺഗ്രസ് തീരുമാനിച്ചു. അഞ്ച് രൂപയിൽ നിന്ന് പത്ത് രൂപയാക്കാനാണ് തീരുമാനം.
ഇതിനായി പാർട്ടി ഭരണഘടനാ ഭേദഗതി കൊണ്ട് വരാനും സിപിഎം തീരുമാനിച്ചിട്ടുണ്ട്. പോളിറ്റ് ബ്യൂറോയും കേന്ദ്ര കമ്മിറ്റിയും നേരത്തെ ചർച്ച ചെയ്താണ് ഭേദഗതി കൊണ്ട് വരുന്നത്.
അതേസമയം പാർട്ടി അംഗത്വം കൂടുമ്പോഴും അംഗത്വത്തിന്റെ നിലവാരം കുറയുന്നുവെന്നാണ് വിമർശനം. കേരളത്തിൽ അടക്കം പ്രശ്നങ്ങൾ ഉണ്ടെന്നും കേരളത്തിൽ പാർട്ടി അംഗത്വം കൂടുമ്പോൾ മറു ഭാഗത്ത് കൊഴിഞ്ഞുപോക്കും കൂടുന്നതായും വിലയിരുത്തലുകളുണ്ട്.