കൊച്ചിയിലെ മാർക്കറ്റിംഗ് കമ്പനിയിലെ തൊഴിൽ പീഡനം; യുവജന കമ്മീഷൻ സ്വമേധയാ കേസെടുത്തു
Saturday, April 5, 2025 5:29 PM IST
എറണാകുളം: കൊച്ചിയിലെ മാർക്കറ്റിംഗ് കമ്പനികളായ ജിപിഎൽ, എച്ച്പിഎൽ എന്നിവിടങ്ങളിലെ തൊഴിൽ പീഡനത്തിൽ യുവജന കമ്മീഷൻ സ്വമേധയാ കേസെടുത്തു. സ്ഥാപനത്തിൽ ജോലിചെയ്യുന്ന യുവാക്കളെ വസ്ത്രങ്ങൾ അഴിപ്പിക്കുകയും, നായയുടെ ബെൽറ്റ് കഴുത്തിൽ കെട്ടി, മുട്ടിൽ ഇഴഞ്ഞ് നാണയം നക്കിയെടുപ്പിക്കുകയും ചെയ്യുന്ന ദൃശ്യങ്ങൾ പുറത്തുവന്നിരുന്നു. ഇതിനു പിന്നാലെയാണ് യുവജന കമ്മീഷന്റെ നടപടി.
കഴിഞ്ഞ സെപ്റ്റംബറിൽ നടന്ന പീഡനത്തിന്റെ ദൃശ്യങ്ങൾ ആണ് പുറത്തുവന്നത്. സംഭവവുമായി ബന്ധപ്പെട്ട് പരാതികളൊന്നും ലഭിച്ചിട്ടില്ലെന്ന് പോലീസും തൊഴിൽ വകുപ്പും അറിയിച്ചിട്ടുണ്ട്. ആരോപണത്തെക്കുറിച്ച് അന്വേഷിക്കുന്നുണ്ടെന്ന് ഹിന്ദുസ്ഥാൻ പവർ ലിങ്ക്സ് അധികൃതർ അറിയിച്ചിട്ടുണ്ട്.
ജിപിഎൽ, എച്ച്പിഎൽ എന്നീ ചുരുക്കപ്പേരുകളിലുള്ള സ്ഥാപനം ജർമൻ ഫിസിക്കൽ ലബോറട്ടറി, ഹിന്ദുസ്ഥാൻ പവർ ലിങ്ക്, എന്നീ പേരുകളിലാണ് കൊച്ചിയിൽ പ്രവർത്തിക്കുന്നത്. ഈ സ്ഥാപനങ്ങൾ തുച്ഛമായ ശമ്പളം നൽകികൊണ്ട് തൊഴിലാഴികളെ 12 മണിക്കൂര്‍ വരെ അടിമപ്പണിയെടുപ്പിക്കുന്നുവെന്ന് തൊഴിലാളികൾ വെളിപ്പെടുത്തിയിരുന്നു.
അതേസമയം, കേരളം പോലൊരു സംസ്ഥാനത്ത് നടന്ന ഈ സംഭവം ഒരിക്കലും അംഗീകരിക്കാൻ സാധിക്കില്ലെന്ന് മന്ത്രി വി. ശിവൻകുട്ടി അറിയിച്ചു. സ്ഥാപനത്തെക്കുറിച്ചുള്ള വിശദവിവരങ്ങൾ അന്വേഷിക്കാൻ എറണാകുളം ജില്ലാ ലേബർ ഓഫീസറെ ചുമതലപ്പെടുത്തിയിട്ടുണ്ടെന്നും മന്ത്രി പറഞ്ഞു.