ക്ഷേത്രത്തിന് മുന്നിൽ ചെന്ന് മര്യാദകേട് കാണിച്ചാൽ ചിലപ്പോൾ അടികിട്ടിയെന്നിരിക്കും; ജബൽപൂർ ആക്രമണത്തിൽ പി.സി
Saturday, April 5, 2025 4:27 PM IST
കോട്ടയം: ജബൽപൂരിൽ ക്രൈസ്തവ സമൂഹത്തിന് നേരെയുണ്ടായ ആക്രമണത്തെ ന്യായീകരിച്ച് ബിജെപി നേതാവ് പി.സി.ജോർജ്. ക്ഷേത്രത്തിന് മുന്നിൽ ചെന്ന് മര്യാദകേട് കാണിച്ചാൽ ചിലപ്പോൾ അടികിട്ടിയെന്നിരിക്കും. അതിന് ക്രിസ്ത്യാനി, മുസ്ലീം, ഹിന്ദുവെന്നൊന്നുമില്ലെന്നും പി.സി. പ്രതികരിച്ചു.
മതവിശ്വാസത്തെ തകർക്കുന്ന രീതിയിൽ ആര് ചെയ്താലും അങ്ങനെയൊക്കെ സംഭവിക്കും. സഹിച്ചേക്കണമെന്നും പി.സി പറഞ്ഞു. കഴിഞ്ഞ ദിവസം ജബൽപുർ രൂപതയ്ക്ക് കീഴിലുള്ള മാണ്ഡല ഇടവകയിലെ ഒരുകൂട്ടം കത്തോലിക്ക വിശ്വാസികൾ ജൂബിലിയുടെ ഭാഗമായി ജബൽപുരിലെതന്നെ വിവിധ കത്തോലിക്ക പള്ളികളിലേക്ക് തീർഥാടനം നടത്തുന്നതിനിടയിലായിരുന്നു അക്രമം.
ഹിന്ദുത്വസംഘടനയുടെ നേതൃത്വത്തിൽ ഒരുകൂട്ടം ആളുകൾ വിശ്വാസികളെ തടയുകയും അവരെ ഒംതി പോലീസ് സ്റ്റേഷനിലേക്കു മാറ്റുകയുമായിരുന്നു. ഇതോടെ വിശ്വാസികളുടെ യാത്ര തടസപ്പെട്ടു. കുറച്ച് സമയത്തിനുശേഷം വിശ്വാസികളെ പോലീസ് വിട്ടയച്ചെങ്കിലും വീണ്ടും മറ്റൊരിടത്ത് തടയുകയും പോലീസ് സ്റ്റേഷനിലേക്ക് കൊണ്ടുപോകുകയുമായിരുന്നു.
തുടർന്ന് ജബൽപുർ വികാരി ജനറൽ ഫാ. ഡേവിസും രൂപതാ പ്രൊക്യുറേറ്റർ ഫാ. ജോർജും വിശ്വാസികൾക്ക് സഹായവുമായി എത്തി. എന്നാൽ ഒരുകൂട്ടം ഹിന്ദു സംഘടനയുടെ പ്രവർത്തകർ പുരോഹിതരെയും മർദിച്ചു.
തുടർന്ന് സംഘർഷം ഒഴിവാക്കാൻ പുരോഹിതർ വിശ്വാസികളോട് ആവശ്യപ്പെട്ടു. പിന്നീട് പോലീസ് ഇടപെട്ട് പുരോഹിതരെയും തീർഥാടകരെയും മോചിപ്പിച്ചു. വ്യാപക പ്രതിഷേധം ഉയർന്നതോടെ സംഭവം നടന്ന് നാല് ദിവസത്തിനു ശേഷം മധ്യപ്രദേശ് പോലീസ് കേസെടുത്തിരുന്നു.