കാർഡിയോളജിസ്റ്റ് ചമഞ്ഞ് ഹൃദയശസ്ത്രക്രിയ; ഏഴ് രോഗികൾ മരിച്ചു: മധ്യപ്രദേശിൽ ക്രിമിനൽ ഡോക്ടർ
Saturday, April 5, 2025 3:48 PM IST
ഭോപ്പാൽ: മധ്യപ്രദേശിൽ വ്യാജ ഡോക്ടറുടെ ഹൃദയശസ്ത്രക്രിയക്ക് വിധേയരായ ഏഴ് രോഗികൾ മരിച്ചു. ദാമോ നഗരത്തിലെ ഒരു സ്വകാര്യ മിഷനറി ആശുപത്രിയിലാണ് സംഭവം.
ഒരു മാസത്തിനുള്ളിലാണ് ഏഴ് മരണങ്ങൾ റിപ്പോർട്ട് ചെയ്തത്. ബ്രിട്ടനിലെ പ്രശസ്ത കാർഡിയോളജിസ്റ്റ് എൻ. ജോൺ കെം ആണ് താനെന്ന് അവകാശപ്പെട്ടാണ് ഇയാൾ ആശുപത്രിയിൽ കയറിക്കൂടിയത്.
കൂടുതൽ അന്വേഷണത്തിൽ, ഇയാളുടെ യഥാർഥ പേര് നരേന്ദ്ര വിക്രമാദിത്യ യാദവ് എന്നാണെന്ന് കണ്ടെത്തി. ഔദ്യോഗിക മരണസംഖ്യ ഏഴ് ആണെങ്കിലും യഥാർഥ എണ്ണം വളരെ കൂടുതലാണെന്ന് ചൈൽഡ് വെൽഫെയർ കമ്മിറ്റി ജില്ലാ പ്രസിഡന്റും അഭിഭാഷകനുമായ ദീപക് തിവാരി അവകാശപ്പെട്ടു. വിഷയത്തെക്കുറിച്ച് അഭിഭാഷകൻ ദാമോ ജില്ലാ മജിസ്ട്രേറ്റിന് പരാതി നൽകിയിരുന്നു.
ആരോപണങ്ങളെ തുടർന്ന് അന്വേഷണ സംഘം ആശുപത്രിയിൽ നിന്ന് എല്ലാ രേഖകളും പിടിച്ചെടുത്തു. പരിശോധനയിൽ, യഥാർഥ കാർഡിയോളജിസ്റ്റിന്റേതിന് സമാനമായ വ്യാജ രേഖകൾ ആൾമാറാട്ടക്കാരൻ സമർപ്പിച്ചതായി കണ്ടെത്തി.
"രോഗികളുടെ ബന്ധുക്കൾ ഞങ്ങളുടെ അടുത്ത് വന്ന് ഡോക്ടറെക്കുറിച്ച് സംശയം പ്രകടിപ്പിച്ചു. തുടർന്ന് അവർ ബന്ധുക്കളെ ചികിത്സയ്ക്കായി മറ്റൊരിടത്തേക്ക് കൊണ്ടുപോയി. പിന്നീടാണ് ഇയാൾ വ്യാജമാണെന്ന് മനസിലായത്. യഥാർഥ ഡോക്ടർ കെം ബ്രിട്ടനിലാണ്. ഈ മനുഷ്യൻ നരേന്ദ്ര യാദവ് ആണ്, ഹൈദരാബാദിൽ അദ്ദേഹത്തിനെതിരെ ഒരു ക്രിമിനൽ കേസുണ്ട്'.- തിവാരി എഎൻഐയോട് പറഞ്ഞു.
ആയുഷ്മാൻ ഭാരത് പദ്ധതി പ്രകാരം മിഷനറി ആശുപത്രിക്ക് സർക്കാരിൽ നിന്ന് പണം ലഭിക്കുന്നുണ്ടെന്ന് ദേശീയ മനുഷ്യാവകാശ കമ്മീഷൻ അംഗം പ്രിയങ്ക് കനൂങ്കോ പറഞ്ഞു. പരാതികൾ ലഭിച്ചതായും ഇവർ സ്ഥിരീകരിച്ചു.