ആദിവാസി യുവാവ് ജീവനൊടുക്കിയ സംഭവം; രണ്ട് പോലീസുകാർക്ക് സസ്പെൻഷൻ
Saturday, April 5, 2025 3:39 PM IST
വയനാട്: ആദിവാസി യുവാവ് ജീവനൊടുക്കിയ സംഭവത്തില്‍ കൽപറ്റ പോലീസ് സ്റ്റേഷനിലെ രണ്ട് പോലീസുകാർക്ക് സസ്പെൻഷൻ. സംഭവസമയം ജിഡി ചാർജുണ്ടായിരുന്ന പോലീസ് ഉദ്യോഗസ്ഥയ്ക്കും പാറാവ് നിന്ന ഉദ്യോഗസ്ഥനും എതിരെയാണ് നടപടി.
ഡിഐജിയാണ് ഇത് സംബന്ധിച്ച ഉത്തരവിറക്കിയത്. സംഭവത്തിന് ഉത്തരവാദികളായ ഉദ്യോഗസ്ഥര്ക്കെതിരേ നടപടിയെടുക്കണമെന്ന് ആവശ്യപ്പെട്ടുകൊണ്ട് നേരത്തേ വയനാട് എസ്പി റിപ്പോര്‍ട്ട് നല്‍കിയിരുന്നു. ഇതിന്റെ അടിസ്ഥാനത്തിലാണ് ഇരുവര്‍ക്കുമെതിരേ നടപടിയെടുത്തത്.
അമ്പലവയൽ നെല്ലാറച്ചാൽ സ്വദേശി ഗോകുലിനെ സ്റ്റേഷനിലെ ശുചിമുറിയിലാണ് മരിച്ച നിലയില്‍ കണ്ടെത്തിയത്. കോഴിക്കോട് മെഡിക്കൽ കോളജിൽ പോസ്റ്റ്മോർട്ടം നടപടികൾ പൂർത്തിയാക്കി വീട്ടുവളപ്പിൽ സംസ്കരിക്കാനുളള ഒരുക്കങ്ങൾ നടക്കുന്നതിനിടെയാണ് ഗോകുലിന് 18 വയസായില്ലെന്ന വിവരം പുറത്തുവന്നത്.
സംഭവത്തിൽ ഉദ്യോഗസ്ഥർക്ക് വീഴ്ച സംഭവിച്ചെന്നായിരുന്നു പ്രാഥമിക അന്വേഷണ റിപ്പോർട്ട്. ഉത്തരമേഖലാ ഡിഐജിക്ക് എസ്പി കൈമാറിയ റിപ്പോർട്ടിലാണ് ഇക്കാര്യം വ്യക്തമാക്കിയിരുന്നത്. ഗോകുൽ ശുചിമുറിയിലേക്ക് പോയി പുറത്തുവരാൻ വൈകിയതിൽ ജാഗ്രത ഉണ്ടായില്ലെന്നും കൃത്യമായി നിരീക്ഷണം നടന്നില്ലെന്നും റിപ്പോർട്ടിൽ പറഞ്ഞിരുന്നു.