മുനമ്പം ജനതയെ ഒറ്റുകൊടുത്ത എൽഡിഎഫ്, യുഡിഎഫ് എംപിമാർ രാജി വയ്ക്കണം: പി.സി.ജോർജ്
Saturday, April 5, 2025 3:24 PM IST
കോട്ടയം: വഖഫ് ബില്ലിന് അനുകൂലമായി വോട്ട് ചെയ്യണം എന്ന ക്രൈസ്തവ സംഘടനകളുടെ ആവശ്യം തള്ളിയ എൽഡിഎഫ്, യുഡിഎഫ് എംപിമാർ രാജി വയ്ക്കണമെന്ന് ബിജെപി നേതാവ് പി.സി.ജോർജ്. മുനമ്പം പ്രശ്നത്തിന്റെ ശാശ്വതമായ പരിഹാരത്തിന് വഖഫ് നിയമ ഭേദഗതിയല്ലാതെ മറ്റൊരു മാർഗവുമില്ല എന്ന തിരിച്ചറിവിൽ നിന്നാണ് ക്രൈസ്തവ സംഘടനകൾ ഈ ആവശ്യം ഉന്നയിച്ചതെന്ന് പി.സി വാർത്താസമ്മേളനത്തിൽ പറഞ്ഞു.
ബിജെപിയുടെ സുരേഷ് ഗോപി എംപി ഒഴികെ കേരളത്തിൽ നിന്നുള്ള യുഡിഎഫ്, എൽഡിഎഫ് എംപിമാർ ഈ ആവശ്യം തള്ളിക്കളഞ്ഞു. ഇവർ വഖഫ് ഭേദഗതിയെ എതിർത്ത് സംസാരിക്കുകയും വോട്ട് ചെയ്യുകയും ചെയ്തു.
ഭരണഘടനാ തത്വത്തിനോ ക്രിസ്ത്യൻ, ഹിന്ദു വിഭാഗങ്ങളുടെ ന്യായമായ അവകാശങ്ങൾക്കോ ഒപ്പം നിൽക്കാൻ തങ്ങൾക്കാവില്ല എന്ന സന്ദേശമാണ് എംപിമാർ ഇതിലൂടെ നൽകിയിരിക്കുന്നത്. ഒരു സംഘടിത വിഭാഗത്തിന്റെ അടിമകളാണ് കേരളത്തിൽ നിന്നുള്ള 19 എംപിമാരെന്നും പി.സി വിമർശിച്ചു.
വോട്ട് ബാങ്ക് രാഷ്ട്രീയത്തിന്റെ പേരിൽ മുനമ്പം ജനതയെ ഒറ്റുകൊടുത്ത കേരളത്തിൽ നിന്നുള്ള എൽഡിഎഫ്, യൂഡിഎഫ് എംപിമാർ രാജി വയ്ക്കണമെന്നും പി.സി ആവശ്യപ്പെട്ടു.