മലപ്പുറം ജില്ല പ്രത്യേക രാജ്യവും സംസ്ഥാനവും; വിവാദ പരാമര്‍ശവുമായി വെള്ളാപ്പള്ളി നടേശന്
Saturday, April 5, 2025 11:50 AM IST
മലപ്പുറം: വിവാദ പരാമര്‍ശവുമായി എസ്എന്‍ഡിപി യോഗം ജനറല്‍ സെക്രട്ടറി വെള്ളാപ്പള്ളി നടേശന്. മലപ്പുറം ജില്ല പ്രത്യേക രാജ്യവും സംസ്ഥാനവുമെന്ന് വെള്ളാപ്പള്ളി പറഞ്ഞു.
ചുങ്കത്തറയില്‍ നടന്ന ശ്രീനാരായണ കണ്വന്ഷന് ഉദ്ഘാടനം ചെയ്ത് സംസാരിക്കുകയായിരുന്നു വെള്ളാപ്പള്ളി. ഈഴവ സമുദായ അംഗങ്ങൾക്ക് ഇവിടെ സ്വതന്ത്രമായ വായുപോലും ലഭിക്കില്ല. മലപ്പുറത്ത് സ്വതന്ത്രമായ അഭിപ്രായം പറഞ്ഞ് ജീവിക്കാന്‍ നിങ്ങള്‍ക്ക് കഴിയില്ലെന്നും വെള്ളാപ്പള്ളി പറഞ്ഞു.
മലപ്പുറമെന്ന പ്രത്യേക രാജ്യത്തിനുള്ളില്‍ സമുദായ അംഗങ്ങള്‍ ഭയന്നുവിറച്ചാണ് കഴിയുന്നത്. വെറും വോട്ടുകുത്തി യന്ത്രങ്ങളായി ഇവിടെ ഈഴവ സമുദായം മാറി. സംസ്ഥാനത്താകെ ഈ സാഹചര്യം നിലനില്‍ക്കുന്നുണ്ട്. എന്നാല്‍, ഒന്നിച്ച് നില്‍ക്കാത്തതാണ് ഈ ദുരന്തത്തിന് കാരണം.
ഇവിടെ ചിലര്‍ എല്ലാം സ്വന്തമാക്കുകയാണ്. ഈഴവര്‍ക്ക് തൊഴിലുറപ്പ് പദ്ധതിയില്‍ മാത്രമാണ് ഇടമുള്ളത്. സാമൂഹിക, രാഷ്ട്രീയ നീതി മലപ്പുറത്തെ ഈഴവര്‍ക്കില്ല. കണ്ണേ കരളെയെന്ന് പറഞ്ഞ് തെരഞ്ഞെടുപ്പ് വേളയില്‍ ചിലരെത്തി വോട്ട് തട്ടിയെടുക്കുകയാണെന്നും വെള്ളാപ്പള്ളി ആരോപിച്ചു.