മുംബൈ ഇന്ത്യൻസിനെ വീഴ്ത്തി; ലക്നോ സൂപ്പർ ജയന്റ്സിന് രണ്ടാം ജയം
Friday, April 4, 2025 11:43 PM IST
ലക്നോ: ഐപിഎല്ലിൽ മുംബൈ ഇന്ത്യൻസിനെതിരായ മത്സരത്തിൽ ലക്നോ സൂപ്പർ ജയന്റ്സിന് ജയം. അവസാന ഓവർ വരെ നീണ്ട ആവേശ പോരാട്ടത്തിൽ 12 റൺസിനാണ് ലക്നോ വിജയിച്ചത്. ഈ സീസണിലെ ലക്നോവിന്റെ രണ്ടാം വിജയമാണിത്. മുംബൈയുടെ മൂന്നാം പരാജയമാണ് ഇന്നത്തേത്.
ലക്നോ ഉയർത്തിയ 204 റൺസ് വിജയലക്ഷ്യം പിന്തുടർന്ന മുംബൈ ഇന്ത്യൻസിന് അഞ്ച് വിക്കറ്റ് നഷ്ടത്തിൽ 191 റൺസ് എടുക്കാനെ സാധിച്ചുള്ളു. സൂര്യകുമാർ യാദവും നമാൻ ദിറും നായകൻ ഹാർദിക് പാണ്ഡ്യയും പൊരുതിയെങ്കിലും ടീമിനെ വിജയത്തിലെത്തിക്കാനായില്ല.
67 റൺസെടുത്ത സൂര്യകുമാർ യാദവാണ് മുംബൈയുടെ ടോപ് സ്കോറർ. 43 പന്തിൽ ഒന്പത് ബൗണ്ടറിയും ഒരു സിക്സും അടങ്ങുന്നതായിരുന്നു സൂര്യകുമാറിന്റെ ഇന്നിംഗ്സ്. നമാൻ ദിർ 46 റൺസെടുത്തു. 24 പന്തിൽ നിന്നാണ് ദിർ 46 റൺസെടുത്തത്. ഹാർദിക് പാണ്ഡ്യ 28 റൺസും തിലക് വർമ 25 റൺസും എടുത്തു.
ലക്നോവിന് വേണ്ടി ശർദൂൽ താക്കൂർ, ആകാശ് ദീപ്, ആവേശ് ഖാൻ, ദിഗ് വേഷ് സിംഗ് റാതി എന്നിവർ ഓരോ വിക്കറ്റ് വീതം വീഴ്ത്തി.
ആദ്യം ബാറ്റ് ചെയ്ത ലക്നോ 20 ഓവറിൽ എട്ട് വിക്കറ്റ് നഷ്ടത്തിലാണ് 203 റൺസെടുത്തത്. മിച്ചൽ മാർഷിന്റെയും എയ്ഡൻ മാർക്രത്തിന്റെയും വെടിക്കെട്ട് ബാറ്റിംഗിന്റെ മികവിലാണ് ലക്നോ കൂറ്റൻ സ്കോർ എടുത്തത്. ഇരുവരും അർധ സെഞ്ചുറി നേടി. 31 പന്തിൽ 60 റൺസെടുത്ത മിച്ചൽ മാർഷാണ് ലക്നോ സൂപ്പർജയന്റ്സിന്റെ ടോപ് സ്കോറർ.
മാർക്രം 53 റൺസെടുത്തു. 30 റൺസെടുത്ത ആയുഷ് ബദോനിയും 27 റൺസെടുത്ത ഡേവിഡ് മില്ലറും മികച്ച പ്രകടനമാണ് നടത്തിയത്.
മുംബൈയ്ക്ക് വേണ്ടി നായകൻ ഹാർദിക് പാണ്ഡ്യ അഞ്ച് വിക്കറ്റെടുത്തു. മലയാളി താരം വിഘ്നേഷ് പുത്തൂരും ട്രെന്റ് ബോൾട്ടും അശ്വനി കുമാറും ഓരോ വിക്കറ്റ് വീതം വീഴ്ത്തി.