കോൺഗ്രസിനെ ഉൾപ്പെടുത്തി വിശാല മതേതര സഖ്യം; കരട് രാഷ്ട്രീയ പ്രമേയത്തിന് പാർട്ടി കോൺഗ്രസ് അംഗീകാരം
Friday, April 4, 2025 9:54 PM IST
മധുര: സിപിഎം 24-ാം പാർട്ടി കോൺഗ്രസ് കരട് രാഷ്ട്രീയ പ്രമേയത്തിൽ ചർച്ച പൂർത്തിയായി. ഇന്ത്യയിൽ നവ ഫാസിസം എന്ന രാഷ്ട്രീയ പ്രമേയം സിപിഎം പാർട്ടി കോൺഗ്രസ് അംഗീകരിച്ചു.
ഇന്ത്യ സഖ്യം വിട്ട് പുറത്തേക്കോ സംസ്ഥാന പാർട്ടികളെ കൂടെ നിർത്തി ഫെഡറൽ സഖ്യത്തിനോ സിപിഎമ്മില്ല. ബിജെപി വിരുദ്ധ ചേരി ശക്തിപ്പെടുത്തുമ്പോൾ പാർട്ടി സ്വതന്ത്രമായ ശക്തി വർധിപ്പിക്കണമെന്നാണ് ആഹ്വാനം.
കോൺഗ്രസിനെ കൂടി ഉൾപ്പെടുത്തി വിശാല മതേതര സഖ്യമെന്ന നിലപാടിന് പാർട്ടി കോൺഗ്രസ് അംഗീകാരം നൽകി. അതേസമയം കേരള സർക്കാരിന് പ്രതിരോധം തീർക്കണമെന്ന പ്രമേയം സിപിഎമ്മിന്റെ 24ാം പാർട്ടി കോൺഗ്രസ് പാസാക്കി.
പോളിറ്റ് ബ്യൂറോ അംഗം മുഹമ്മദ് സലീമാണ് പ്രമേയം അവതരിപ്പിച്ചത്. കേന്ദ്ര ഏജൻസികൾ കേരള മുഖ്യമന്ത്രിയെയും കുടുംബത്തെയും ലക്ഷ്യം വയ്ക്കുന്നുവെന്ന് പ്രമേയത്തിൽ ചൂണ്ടിക്കാട്ടി.
കേന്ദ്ര ഏജൻസികളെ രാഷ്ട്രീയമായി നേരിടുമെന്ന് മുഹമ്മദ് സലീം വാർത്താ സമ്മേളനത്തിൽ പറഞ്ഞു. എന്നാൽ കേസ് നേരിടുന്നവർ തന്നെ നിയമപരമായി കേസിനെ നേരിടും. പാർട്ടി ഇതിൽ ഭാഗമാകില്ലെന്നും അദ്ദേഹം വ്യക്തമാക്കി.