തമിഴ്നാട് ബിജെപിയിൽ നേതൃമാറ്റത്തിന് കളമൊരുങ്ങുന്നു; അണ്ണാമലൈ പുറത്തേക്ക്
Friday, April 4, 2025 4:31 PM IST
ചെന്നൈ: തമിഴ്നാട് ബിജെപി പ്രസിഡന്റ് സ്ഥാനം കെ.അണ്ണാമലൈ ഒഴിയുന്നു. വീണ്ടും പ്രസിഡന്റ് ആകാനുള്ള മത്സരത്തിനില്ലെന്നും അണ്ണാമലൈ വ്യക്തമാക്കി.
പുതിയ പ്രസിഡന്റിന് എല്ലാ ആശംസകളും അറിയിക്കുന്നുവെന്നും അദ്ദേഹം പറഞ്ഞു. പാർട്ടിയിൽ തർക്കമില്ലെന്നും ഒറ്റക്കെട്ടായി നേതാവിനെ തീരുമാനിക്കുമെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.
2021 ജൂലൈയിൽ ആണ് അണ്ണാമലൈ അധ്യക്ഷ പദവിയിലെത്തിയത്. വീണ്ടും എൻഡിഎ സഖ്യത്തിലേക്ക് വരുന്ന എഐഎഡിഎംകെയുടെ ആവശ്യപ്രകാരം അണ്ണാമലൈയെ മാറ്റുമെന്നുള്ള റിപ്പോര്‍ട്ടുകൾ കഴിഞ്ഞ ദിവസങ്ങളിൽ വന്നിരുന്നു.
അണ്ണാമലൈയെ നീക്കാൻ തീരുമാനിച്ചതായി അമിത് ഷാ നേരിട്ടറിയിച്ചെന്നാണ് ബിജെപിക്കുള്ളിൽ തന്നെ പ്രചാരണം നടന്നത്. പകരം ബിജെപി നിയമസഭ കക്ഷിനേതാവ് നൈനാർ നാഗേന്ദ്രൻ പാർട്ടി സംസ്ഥാന അധ്യക്ഷൻ ആയേക്കുമെന്നാണ് സൂചനകൾ. അണ്ണാമലൈയെ ഡൽഹിയിലെ പദവിയിലേക്കോ കേന്ദ്ര മന്ത്രിസഭയിലേക്കോ മാറ്റുമെന്നാണ് സൂചന.