ആദിവാസി യുവാവ് പോലീസ് സ്റ്റേഷനിൽ മരിച്ച സംഭവം; ഉദ്യോഗസ്ഥരുടെ മൊഴിയെടുത്തു
Friday, April 4, 2025 3:07 PM IST
വയനാട്: ആദിവാസി യുവാവ് മരിച്ച സംഭവത്തില്‍ കല്‍പ്പറ്റ പോലീസ് സ്റ്റേഷനിലെ ഉദ്യോഗസ്ഥരുടെ മൊഴിയെടുത്തു. ഗോകുല്‍ മരിച്ച ദിവസം ഡ്യൂട്ടിയിലുണ്ടായിരുന്ന പോലീസുകാരില്നിന്നാണ് ജില്ലാ ക്രൈംബ്രാഞ്ച് മൊഴിയെടുത്തത്. സംസ്ഥാന ക്രൈംബ്രാഞ്ച് ഇന്ന് കേസ് ഏറ്റെടുത്തേക്കും.
അമ്പലവയൽ നെല്ലാറച്ചാൽ സ്വദേശി ഗോകുലിനെ സ്റ്റേഷനിലെ ശുചിമുറിയിലാണ് മരിച്ച നിലയില്‍ കണ്ടെത്തിയത്. കോഴിക്കോട് മെഡിക്കൽ കോളജിൽ പോസ്റ്റ്മോർട്ടം നടപടികൾ പൂർത്തിയാക്കി വീട്ടുവളപ്പിൽ സംസ്കരിക്കാനുളള ഒരുക്കങ്ങൾ നടക്കുന്നതിനിടെയാണ് ഗോകുലിന് 18 വയസായില്ലെന്ന വിവരം പുറത്തുവന്നത്.
സംഭവത്തിൽ ഉദ്യോഗസ്ഥർക്ക് വീഴ്ച സംഭവിച്ചെന്നായിരുന്നു പ്രാഥമിക അന്വേഷണ റിപ്പോർട്ട്. ഉത്തര മേഖലാ ഡിഐജിക്ക് എസ്പി കൈമാറിയ റിപ്പോർട്ടിലാണ് ഇക്കാര്യം വ്യക്തമാക്കിയിരുന്നത്. ഗോകുൽ ശുചിമുറിയിലേക്ക് പോയി പുറത്തു വരാൻ വൈകിയതിൽ ജാഗ്രത ഉണ്ടായില്ലെന്നും കൃത്യമായി നിരീക്ഷണം നടന്നില്ലെന്നും റിപ്പോർട്ടിൽ പറഞ്ഞിരുന്നു.