പ്രശസ്ത നടൻ രവികുമാർ അന്തരിച്ചു
Friday, April 4, 2025 12:52 PM IST
ചെന്നൈ: മലയാളത്തിലെ മുതിർന്ന ചലച്ചിത്രനടൻ രവികുമാർ അന്തരിച്ചു. അർബുദരോഗത്തെ തുടർന്ന് ചികിത്സയിലിരിക്കെ വെള്ളിയാഴ്ച രാവിലെ 10.30ന് ചെന്നൈയിലായിരുന്നു അന്ത്യം. നൂറിലധികം മലയാള ചലച്ചിത്രങ്ങളിലും നിരവധി തമിഴ് ചിത്രങ്ങളിലും ടെലിവിഷൻ പരമ്പരകളിലും അഭിനയിച്ചിട്ടുള്ള നടനാണ് രവികുമാർ.
തൃശൂർ സ്വദേശികളായ കെ.എം.കെ.മേനോന്റെയും ആർ.ഭാരതിയുടെയും മകനായ രവികുമാർ ചെന്നൈയിലാണ് ജനിച്ചത്. 1967- ൽ ഇന്ദുലേഖ എന്ന ചിത്രത്തിലൂടെയായിരുന്നു അരങ്ങേറ്റം.
എഴുപതുകളിലും എൺപതുകളിലും മലയാള സിനിമയിലെ ശ്രദ്ധേയ നായകതാരമായിരുന്ന രവികുമാർ മധുവിനെ നായകനാക്കി എം. കൃഷ്ണൻ നായർ സംവിധാനം ചെയ്ത് 1976-ൽ റിലീസ് ചെയ്ത 'അമ്മ'യിലൂടെയാണ് ശ്രദ്ധേയനായത്. പ്രശസ്ത സംഗീത സംവിധായകനായ രവീന്ദ്രനാണ് രവികുമാറിനായി സ്ഥിരം ഡബ്ബ് ചെയ്തിരുന്നത്.
ശ്രീനിവാസ കല്യാണം (1981), ദശാവതാരം (1976) തുടങ്ങിയ സിനിമകളിലൂടെ അദ്ദേഹം തമിഴകത്തും തന്റെ മികവ് തെളിയിച്ചു. 1974ൽ സ്വാതി നാച്ചത്തിറം എന്ന തമിഴ് സിനിമയിൽ ഉദയ ചന്ദ്രികയോടൊപ്പം അഭിനയിച്ചിരുന്നു. ആറാട്ട്, സിബിഐ 5 എന്നീ സിനിമകളിലാണ് അദ്ദേഹം അവസാനമായി അഭിനയിച്ചത്.