മാളയിലും പുലിയെത്തിയെന്ന് സംശയം, ആറ് ആടുകൾ ചത്തനിലയിൽ
Friday, April 4, 2025 12:04 PM IST
മാള: തൃശൂർ ചാലക്കുടിയിൽ പുലിഭീതി നിലനിൽക്കെ മാളയിലും പുലിയെത്തിയതായി സംശയം. മാളയിലെ അമ്പഴക്കാട് പ്രദേശത്ത് ആടുകളെ ചത്തനിലയിൽ കണ്ടെത്തി. പുലി പിടിച്ചതാണെന്നാണ് പ്രാഥമിക നിഗമനം.
ചേറ്റിപ്പറമ്പിൽ ഗോപിയുടെ ആറ് ആടുകളെയാണ് ചത്ത നിലയിൽ കണ്ടത്. ഈ പ്രദേശത്തിനു സമീപം വിവിധയിടങ്ങളിൽ പുലിയെ കണ്ടതായി കഴിഞ്ഞ ദിവസങ്ങളിൽ റിപ്പോർട്ടുകളുണ്ട്. എന്നാൽ പുലി തന്നെയാണോ ആടുകളെ പിടികൂടിയതെന്ന് സ്ഥിരീകരിച്ചിട്ടില്ല. ആറ് ആടുകളെയും പുലി ഒരുമിച്ച് ആക്രമിക്കാൻ ഇടയില്ലെന്നും പറയുന്നുണ്ട്.
ഉന്നത ഉദ്യോഗസ്ഥരുടെ സ്ഥിരീകരണത്തിനുശേഷമായിരിക്കും ആടുകളുടെ മരണകാരണം വ്യക്തമാകൂ. സംഭവത്തെത്തുടർന്ന് പുഴയോര മേഖലകളിൽ സഞ്ചരിക്കുന്നതിന് പോലീസ് ജാഗ്രതാ നിർദേശം നൽകിയിട്ടുണ്ട്. പുലിയെ കണ്ടാലുടൻ വെടിവയ്ക്കാനും കളക്ടർ കഴിഞ്ഞദിവസം നിർദ്ദേശം നൽകിയിരുന്നു.