കൂടൽമാണിക്യം ക്ഷേത്രത്തിലെ കഴകം ജോലി: ബാലുവിന്റെ രാജി ദേവസ്വം ഭരണസമിതി സ്വീകരിച്ചു
Thursday, April 3, 2025 10:36 PM IST
തൃശൂർ: ഇരിങ്ങാലക്കുട കൂടൽമാണിക്യം ക്ഷേത്രത്തിൽ ജാതി വിവേചനം നേരിട്ട കഴകം പ്രവർത്തിക്കാരൻ ബാലുവിന്റെ രാജി ദേവസ്വം സ്വീകരിച്ചു. ഇന്ന് ചേർന്ന യോഗത്തിലാണ് ദേവസ്വം ഭരണ സമിതിയുടെ തീരുമാനം.
ബാലു രാജിവെച്ച ഒഴിവ് കേരള റിക്രൂട്ട്മെൻറ് ബോർഡിന് ഉടൻ റിപ്പോർട്ട് ചെയ്യും. മെഡിക്കൽ ലീവ് അവസാനിക്കാനിരിക്കെയാണ് ഇരിങ്ങാലക്കുട ദേവസ്വം അഡ്മിനിസ്ട്രേറ്ററുടെ ഓഫീസിൽ എത്തി എ.വി.ബാലു രാജിവച്ചത്. ദേവസ്വം റിക്രൂട്ട്മെന്റ് ബോർഡാണ് കഴിഞ്ഞ ഫെബ്രുവരി 24ാം തീയതി തിരുവനന്തപുരം സ്വദേശി ബാലുവിനെ കഴകം പ്രവർത്തിക്കാരനായി നിയമിച്ചത്.
തന്ത്രിമാരുടെയും വാര്യർ സമാജത്തിന്റെയും എതിർപ്പിനെ തുടർന്ന് മാർച്ച് ആറിന് ബാലുവിനെ ഓഫീസിലേക്ക് താത്കാലികമായി മാറ്റി നിയമിച്ചു. തുടർന്ന് ബാലു 10 ദിവസത്തെ അവധിക്ക് പോയി. എതിർപ്പ് മുറുകുന്നതിനിടെ ബാലു വീണ്ടും മെഡിക്കൽ അവധിയിൽ പ്രവേശിച്ചു.
ബാലുവിനെ ഓഫീസിലേക്ക് മാറ്റി നിയമിച്ചത് തന്നെ തെറ്റായിപ്പോയെന്നാണ് ദേവസ്വം റിക്രൂട്ട്മെന്റ് ബോർഡ് ചെയർമാൻ കെബി മോഹൻദാസ് പ്രതികരിച്ചത്.