മാസപ്പടി കേസ്: തെളിവുകളെ അതിജീവിക്കാൻ മുഖ്യമന്ത്രിക്കോ മകൾക്കോ കഴിയില്ലെന്ന് കെ.സുധാകരൻ
Thursday, April 3, 2025 8:08 PM IST
തിരുവനന്തപുരം: മാസപ്പടി കേസിൽ തെളിവുകളെ അതിജീവിക്കാൻ മുഖ്യമന്ത്രിക്കോ മകൾക്കോ കഴിയില്ലെന്ന് കെപിസിസി അധ്യക്ഷൻ കെ.സുധാകരൻ എംപി. കേസിൽ മുഖ്യമന്ത്രിയുടെ മകൾ വീണയെ പ്രതി ചേർത്ത് കുറ്റപത്രം സമർപ്പിക്കപ്പെട്ടതിന് പിന്നാലെയാണ് സുധാകരന്റെ പ്രതികരണം.
"കേസിൽ വ്യക്തമായ തെളിവുകളുണ്ട്. ഒഴിഞ്ഞുമാറാൻ മുഖ്യമന്ത്രിക്കാവില്ല. തെളിവുകളെ അതിജീവിക്കാൻ പിണറായി വിജയനോ മകൾക്കോ സാധിക്കില്ല. ഈ കേസ് കേരള രാഷ്ട്രീയത്തിൽ കൊടുങ്കാറ്റായി മാറും. കേരളത്തിലെ ഇടതുപക്ഷക്കാരെ മുഴുവൻ അമ്പരപ്പിക്കുന്ന വാർത്തയാകും അത്"- കെ സുധാകരൻ പറഞ്ഞു.
സീരിയസ് ഫ്രോഡ് ഇൻവെസ്റ്റിഗേഷൻ ഓഫീസാണ് മാസപ്പടി കേസിൽ വീണ വിജയനെ പ്രതിയാക്കി കുറ്റപത്രം സമർപിച്ചത്. സേവനം ഒന്നും നൽകാതെ വീണ വിജയൻ 2.70 കോടി കൈപ്പറ്റിയെന്നാണ് കണ്ടെത്തൽ. എക്സാലോജിക് സൊലൂഷൻസും ശശിധരൻ കർത്തയും സിഎംആർഎല്ലും കേസിൽ പ്രതികളാണ്.
പ്രോസിക്യൂഷൻ നടപടികൾക്ക് കേന്ദ്ര കമ്പനികാര്യ മന്ത്രാലയത്തിന്റെ അനുമതി ലഭിച്ചു. പ്രതികൾക്കെതിരെ 10 വർഷം വരെ തടവ് ശിക്ഷ ലഭിക്കാവുന്ന വകുപ്പുകളാണ് ചുമത്തിയത്.