ഷഹബാസ് വധക്കേസ്; കുറ്റാരോപിതരുടെ ജാമ്യാപേക്ഷയില്‍ ചൊവ്വാഴ്ച വിധി പറയും
Thursday, April 3, 2025 2:49 PM IST
കോഴിക്കോട്: ഷഹബാസ് വധക്കേസിലെ കുറ്റാരോപിതരുടെ ജാമ്യാപേക്ഷയില്‍ ചൊവ്വാഴ്ച കോടതി വിധി പറയും. കോഴിക്കോട് ജില്ലാ പ്രിന്‍സിപ്പല്‍ സെഷന്‍സ് കോടതിയാണ് കേസ് പരിഗണിക്കുക.
കുട്ടികള്‍ക്ക് പ്രായപൂര്ത്തിയായില്ലെന്നത് കണക്കിലെടുക്കരുതെന്നും നിര്‍ഭയ കേസിലെ സുപ്രീംകോടതി പരാമര്‍ശം ഈ കേസിലും പരിഗണിക്കണമെന്നും ഷഹബാസിന്റെ കുടുംബം ആവശ്യപ്പെട്ടു. ഇവര്‍ക്ക് ജാമ്യം അനുവദിക്കുന്നത് പൊതുസമൂഹത്തോട് ചെയ്യുന്ന ചതിയാകുമെന്നും കുടുംബം കോടതിയിൽ പറഞ്ഞു.
ജുവനൈല്‍ ജസ്റ്റിസ് ബോര്‍ഡ് നേരത്തെ ജാമ്യ ഹര്‍ജി തള്ളിയതോടെയാണ് കുറ്റാരോപിതര്‍ ജില്ലാ കോടതിയെ സമീപിച്ചത്. ഫെബ്രുവരി 28നാണു താമരശേരിയിൽ വിദ്യാർഥികൾ തമ്മിൽ സംഘർഷം ഉണ്ടായത്. സംഘർഷത്തിൽ ഗുരുതരമായി പരിക്കേറ്റ ഷഹബാസ് പിന്നീട് ആശുപത്രിയിൽ ചികിത്സയിലിരിക്കെ മരണത്തിന് കീഴടങ്ങുകയായിരുന്നു.