ഐബി ഉദ്യോഗസ്ഥയുടെ മരണം: പ്രതി സുകാന്ത് മുൻകൂർ ജാമ്യാപേക്ഷ നൽകി
Thursday, April 3, 2025 1:56 PM IST
തിരുവനന്തപുരം: ഐബി ഉദ്യോഗസ്ഥയായിരുന്ന യുവതി ജീവനൊടുക്കിയ സംഭവത്തില്‍ സുഹൃത്തായിരുന്ന സുകാന്ത് സുരേഷ് ഹൈക്കോടതിയിൽ മുൻകൂർ ജാമ്യാപേക്ഷ നൽകി. കൊച്ചിയിൽ ഐബി ഉദ്യോഗസ്ഥനായ മലപ്പുറം സ്വദേശി സുകാന്ത് സംഭവത്തിന് പിന്നാലെ ഒളിവിൽപോയിരുന്നു.
ഇയാൾക്കെതിരേ പോലീസ് ലുക്ക് ഔട്ട് നോട്ടീസ് ഇറക്കിയിരുന്നു. വിദേശത്തേക്ക് കടക്കാതിരിക്കാനാണ് നടപടി. ഇതിനു പിന്നാലെയാണ് സുകാന്ത് ഹൈക്കോടതിയെ സമീപിച്ചത്. ഇയാളെ ബുധനാഴ്ച കേസില്‍ പ്രതി ചേർത്തിരുന്നു. ആത്മഹത്യാപ്രേരണകുറ്റം ചുമത്താനാണ് നീക്കം.
ഒരാഴ്ച മുമ്പാണ് തിരുവനന്തപുരം വിമാനത്താവളത്തിൽ നിന്നും ജോലി കഴിഞ്ഞ പുറത്തിറങ്ങിയ ഉദ്യോഗസ്ഥ പേട്ടയിൽ ട്രെയിന്‍ മുന്നിൽ ചാടി ജീവനൊടുക്കിയത്. സുകാന്തുമായുള്ള ബന്ധത്തിലുണ്ടായ തകർച്ചയാണ് മകളെ ആത്മഹത്യയിലേക്ക് തള്ളിവിട്ടതെന്നാണ് കുടുംബത്തിന്റെ പരാതി.