പോലീസിന്റെ മിന്നല്‍ പരിശോധന; തൊടുപുഴയില്‍ 14 ടോറസ് പിടികൂടി
Thursday, April 3, 2025 1:25 PM IST
തൊടുപുഴ: നിയമം ലംഘിച്ച് കരിങ്കല്ല് കയറ്റി പായുന്ന ടിപ്പര്‍, ടോറസ് ലോറികളെ കുടുക്കാന്‍ ഇടുക്കി ജില്ലാ പോലീസ് മേധാവി ടി.കെ. വിഷ്ണുപ്രദീപിന്റെ നിര്‍ദേശപ്രകാരം നടത്തിയ മിന്നല്‍ പരിശോധനയില്‍ കുടുങ്ങിയത് 14 വാഹനങ്ങള്‍. ഇന്നു പുലര്‍ച്ചെയായിരുന്നു എസ്പിയുടെ പ്രത്യേക സ്ക്വാഡ് തൊടുപുഴ മേഖലയില്‍ മിന്നല്‍ പരിശോധന നടത്തിയത്.
12 ടോറസ് ലോറികള്‍, ഒരു ടിപ്പര്‍, ഒരു മിനി ടിപ്പര്‍ എന്നിവയാണ് പിടികൂടിയത്. കൂടുതലും പാസില്ലാതെ അനധികൃതമായി കരിങ്കല്ലു കടത്തിയ വാഹനങ്ങളാണെന്ന് പോലീസ് പറഞ്ഞു. അമിത ലോഡ് കയറ്റിയ വാഹനങ്ങളും പിടികൂടിയവയില്‍ ഉള്‍പ്പെടും.
അമിത വേഗത്തില്‍ പായുന്ന ലോറികളില്‍ നിന്നു കല്ലും മറ്റും റോഡിലേക്കു വീഴുന്നതായി പോലീസിനു പരാതി ലഭിച്ചിരുന്നു. ഇന്നു പുലര്‍ച്ചെ പ്രത്യേക സംഘം വിവിധ റോഡുകള്‍ കേന്ദ്രീകരിച്ചാണ് പരിശോധന നടത്തിയത്.
വിവിധ സ്റ്റേഷനുകളില്‍ നിന്നുള്ള സിഐ, എസ്ഐ എന്നിവര്‍ ഉള്‍പ്പെടെയുള്ള ഉദ്യോഗസ്ഥരും പരിശോധനയില്‍ പങ്കെടുത്തു. രാവിലെ ആറിനു ശേഷമാണ് ക്രഷറുകളില്‍ നിന്നു വാഹനങ്ങള്‍ക്ക് പാസ് നല്‍കുന്നത്.
എന്നാല്‍ ഇതിനും ഏറെ നേരത്തെ തന്നെ വാഹനങ്ങളില്‍ പാസില്ലാതെ അമിത ലോഡ് കയറ്റി പോകുകയാണ് ഇവര്‍ ചെയ്യുന്നത്. കൂടുതല്‍ ട്രിപ്പ് എടുക്കുന്നതിനു വേണ്ടിയാണ് ഇത്തരത്തില്‍ പാസില്ലാതെ ലോഡ് കയറ്റി പായുന്നത്. തിരക്കേറുന്ന രാവിലെയും വൈകുന്നേരങ്ങളിലും ടിപ്പറും ടോറസും ഓടുന്നതിനു നിയന്ത്രണമുണ്ടെങ്കിലും ഇതും മറികടന്നാണ് ഇവര്‍ നിരത്തുകളിലൂടെ പായുന്നത്. പിടികൂടിയ വാഹനങ്ങള്‍ക്ക് പിഴ ഈടാക്കുമെന്ന് പോലീസ് പറഞ്ഞു.