നടിയെ ആക്രമിക്കാന്‍ ക്വട്ടേഷന്‍ നല്‍കിയത് ദിലീപ്; പ്രതിഫലമായി 80 ലക്ഷം കിട്ടാനുണ്ടെന്ന് പള്‍സര്‍ സുനി
Thursday, April 3, 2025 1:21 PM IST
കൊച്ചി: കൊച്ചിയില്‍ യുവനടിയെ ആക്രമിച്ച് അശ്ലീല ദൃശ്യങ്ങള്‍ പകര്‍ത്തിയ കേസില്‍ ഞെട്ടിക്കുന്ന വെളിപ്പെടുത്തലുമായി മുഖ്യപ്രതി പള്‍സര്‍ സുനി. നടിയെ ആക്രമിക്കാന്‍ ക്വട്ടേഷന്‍ നല്‍കിയത് നടനും കേസിലെ എട്ടാം പ്രതിയുമായ ദിലീപ് എന്നാണ് പള്‍സര്‍ സുനിയുടെ വെളിപ്പെടുത്തല്‍.
ഒരു സ്വകാര്യ ചാനൽ നടത്തിയ ഒളിക്കാമറ ഓപ്പറേഷനിലാണ് പള്‍സര്‍ സുനി ഇക്കാര്യങ്ങള്‍ വെളിപ്പെടുത്തിയത്. ക്വട്ടേഷന്‍ തുകയായി ഒന്നരക്കോടി രൂപയാണ് ദിലീപ് വാഗ്ദാനം ചെയ്തത്. ബലാത്സംഗം പകര്‍ത്താനും നിര്‍ദേശിച്ചു.
മുഴുവന്‍ തുകയും കിട്ടിയില്ലെന്നും തനിക്ക് ഇനിയും 80 ലക്ഷം രൂപ കിട്ടാനുണ്ടെന്നും ആവശ്യം വരുമ്പോള്‍ പലപ്പോഴായി താന്‍ ദിലീപില്‍നിന്നു പണം വാങ്ങിയിരുന്നെന്നും സുനി വെളിപ്പെടുത്തുന്നു. കേസിന്റെ വിചാരണ പൂർത്തിയായി വരുന്നതിനിടെയാണ് വിവാദമായേക്കാവുന്ന വെളിപ്പെടുത്തലുകൾ ചാനൽ പുറത്തുവിട്ടിരിക്കുന്നത്.
കുടുംബം തകര്‍ത്തതിന്റെ വൈരാഗ്യം
നടിയെ ആക്രമിക്കാന്‍ ക്വട്ടേഷന്‍ നല്‍കിയതിന് പിന്നില്‍ നടന് ദിലീപിന്റെ കുടുംബം തകര്‍ത്തതിന്റെ വൈരാഗ്യമെന്ന് പള്‍സര്‍ സുനി പറയുന്നു. ബലാത്സംഗത്തിലൂടെ അതിജീവിതയെ പൂട്ടുകയായിരുന്നു ലക്ഷ്യമെന്നും അതിക്രമം നടക്കുമ്പോള്‍ താന്‍ ദിലീപിന്റെ നിരീക്ഷണത്തിലായിരുന്നുവെന്നും സുനി പറഞ്ഞു.
എല്ലാം തത്സമയം വേറെ ചിലര്‍ അറിയുന്നുണ്ടായിരുന്നു. തന്റെ പിറകില്‍ നിരീക്ഷിക്കാന്‍ ആളുണ്ടായിരുന്നു. ബലാത്സംഗത്തിലൂടെ അതിജീവിതയെ പൂട്ടുകയായിരുന്നു ലക്ഷ്യം. പീഡനദൃശ്യങ്ങള്‍ ചിത്രീകരിക്കാനും തീരുമാനിച്ചിരുന്നു.
എന്താണ് സംഭവിക്കാന്‍ പോകുന്നതെന്നതിനെക്കുറിച്ച് അതിജീവിതയ്ക്ക് അറിയാമായിരുന്നു. അതിക്രമം ഒഴിവാക്കാന്‍ പണം തരാമെന്ന് നടിയും പറഞ്ഞിരുന്നു. ആ പണം വാങ്ങിയിരുന്നെങ്കില്‍ ജയിലില്‍ പോകാതെ രക്ഷപ്പെടാമായിരുന്നുവെന്നും പള്‍സര്‍ സുനി പറഞ്ഞു.