ചാലക്കുടിയിൽ ഇറങ്ങിയ പുലിയെ മയക്കുവെടിവയ്ക്കും
Thursday, April 3, 2025 12:58 PM IST
തൃശൂർ: ചാലക്കുടി നഗരത്തിൽ ഇറങ്ങിയ പുലിയെ മയക്കുവെടിവയ്ക്കും. ജില്ലാ കളക്ടർ അർജുൻ പാണ്ഡ്യന്റെ നേതൃത്വത്തിൽ ചേർന്ന യോഗത്തിലാണ് തീരുമാനം.
ഞായറാഴ്ച ചാലക്കുടി പുഴയോട് ചേർന്ന ഭാഗത്ത് പുലിയെത്തിയതിന്റെ സിസിടിവി ദൃശ്യങ്ങൾ പുറത്തുവന്ന പശ്ചാത്തലത്തിലാണ് ജില്ലാ കളക്ടറുടെ നേതൃത്വത്തിൽ പ്രത്യേക യോഗം ചേർന്നത്. ജനവാസമേഖലയിൽ പുലിയിറങ്ങി മൂന്നാഴ്ച പിന്നിടുമ്പോൾ വിഷയത്തെ നിസാരവൽക്കരിക്കരുതെന്ന് ജനപ്രതിനിധികൾ യോഗത്തിൽ ആവശ്യപ്പെട്ടു. ഇതോടെ പുലിയെ കണ്ടാൽ ഉടൻതന്നെ മയക്കുവെടിവയ്ക്കാൻ യോഗത്തിൽ തീരുമാനിക്കുകയായിരുന്നു.
പുലിയുടെ സാന്നിധ്യം കണ്ടെത്തിയ മേഖലയിൽ നിലവിൽ 49 ക്യാമറകൾ സ്ഥാപിച്ചിട്ടുണ്ട്.കൂടുതൽ നിരീക്ഷണ ക്യാമറകൾ സ്ഥാപിക്കാനും തീരുമാനമായി. നിലവിൽ നാല് കൂടുകൾ സ്ഥാപിച്ചതിനു പുറമേ കൂടുതൽ കൂടുകളും സ്ഥാപിക്കും. പുലിയെ കണ്ടതിന് പിന്നാലെ ജനങ്ങൾക്ക് കർശന ജാഗ്രതാ നിർദേശം നൽകിയിരുന്നു.