മമത സർക്കാരിന് തിരിച്ചടി; 25,000 അധ്യാപക-അനധ്യാപക നിയമനം റദ്ദാക്കി സുപ്രീംകോടതി
Thursday, April 3, 2025 12:56 PM IST
ന്യൂഡൽഹി: പശ്ചിമ ബംഗാളിൽ മമത ബാനർജി സർക്കാരിന് കനത്ത തിരിച്ചടി. 25,000 അധ്യാപക -അനധ്യാപകരെ നിയമിച്ച സർക്കാർ നടപടി തടഞ്ഞ് സുപ്രീംകോടതി. സെലക്ഷന് പ്രക്രിയയില്‍ വഞ്ചനയും കൃത്രിമത്വവും ആരോപിച്ചാണ് പശ്ചിമബംഗാളില്‍ 25,000 ലധികം അധ്യാപക-അനധ്യാപക നിയമനം സുപ്രീംകോടതി റദ്ദാക്കിയത്.
പശ്ചിമ ബംഗാള്‍ സ്കൂള്‍ സര്‍വീസ് കമ്മീഷന്റെ കീഴിലുള്ള നിയമനങ്ങള്‍ റദ്ദാക്കി നേരത്തേ കല്‍ക്കട്ട ഹൈക്കോടതി പുറപ്പെടുവിച്ച ഉത്തരവ് സുപ്രീംകോടതി ശരിവയ്ക്കുകയായിരുന്നു. ഹൈക്കോടതി ഉത്തരവില്‍ ഇടപെടാന്‍ ഒരു കാരണവും കാണുന്നില്ലെന്നും സുപ്രീംകോടതി വ്യക്തമാക്കി.
ചീഫ് ജസ്റ്റീസ് സഞ്ജീവ് ഖന്നയും ജസ്റ്റീസ് പി.വി. സഞ്ജയ് കുമാറും അടങ്ങിയ ബെഞ്ചാണ് ഉത്തരവ് പുറപ്പെടുവിച്ചത്. നിയമനങ്ങള്‍ വഞ്ചനയില്‍ നിന്നാണ് ഉണ്ടായതെന്നും അതിനാല്‍ വഞ്ചനാപരമാണെന്നും കോടതി നിരീക്ഷിച്ചു.
മൂന്ന് മാസത്തിനുള്ളില്‍ പുതിയ സെലക്ഷന് പ്രക്രിയ പൂര്‍ത്തിയാക്കാന്‍ കോടതി സംസ്ഥാന സര്‍ക്കാരിനോട് ആവശ്യപ്പെടുകയും ചെയ്തു. ഈ പുതിയ പ്രക്രിയയിൽ വിജയിക്കുന്നവർ 2016-ൽ നിയമനം ലഭിച്ചതിനുശേഷം നേടിയ ശമ്പളം തിരികെ നൽകേണ്ടതില്ല. എന്നാൽ അങ്ങനെ വിജയിക്കാത്തവർ അത് തിരികെ നൽകണം. വികലാംഗർക്ക് കോടതി ഇളവ് നൽകുകയും അവർക്ക് നിലവിലുള്ള തസ്തികയിൽ തുടരാമെന്നും വ്യക്തമാക്കി.