വഖഫ് ഭേദഗതി ബിൽ ഇന്ന് രാജ്യസഭയിൽ
Thursday, April 3, 2025 6:54 AM IST
ന്യൂഡൽഹി: വഖഫ് ഭേദഗതി ബിൽ ഇന്ന് രാജ്യസഭയിൽ അവതരിപ്പിക്കും. ബില്ല് രാജ്യസഭയിലും പാസാക്കിയശേഷം രാഷ്ട്രപതി അംഗീകാരം നൽകുന്നതോടെ നിയമത്തിന്റെ പേര് "ഏകീകൃത വഖഫ് മാനേജ്മെന്റ്, എംപവർമെന്റ്, എഫിഷ്യൻസി ആൻഡ് ഡെവലപ്മെന്റ് ആക്ട് 1995’എന്നായി മാറും.
അതേസമയം വഖഫ് ഭേദഗതി ബിൽ ലോക്സഭയിൽ പാസായി. ബില്ലിനെ അനുകൂലിച്ച് 288പേരും എതിർത്ത് 232 പേരും വോട്ടു ചെയ്തു.
ബില്ലിന്മേൽ എട്ടു മണിക്കൂർ ചർച്ചയ്ക്കാണു കേന്ദ്രസർക്കാർ അനുമതി നൽകിയിരുന്നതെങ്കിലും 14 മണിക്കൂർ തുടർച്ചയായി നീണ്ട ചർച്ചകൾക്ക് ശേഷമാണ് ബിൽ പാസായത്. പ്രതിപക്ഷം നിർദേശിച്ച ഭേദഗതികളും തള്ളി.
വോട്ടെടുപ്പില്‍ കേരളത്തില്‍നിന്നുള്ള പ്രതിപക്ഷ എംപിമാരായ എന്‍.കെ. പ്രേമചന്ദ്രന്, കെ.സി. വേണുഗോപാല്‍ എന്നിവരുടെ ഭേദഗതി നിര്‍ദേശങ്ങള്‍ ശബ്ദവോട്ടോടെ തള്ളി. ഇ.ടി. മുഹമ്മദ് ബഷീര്‍, കെ. രാധാകൃഷ്ണന് എന്നിവരുടെ നിർദേശങ്ങളും സഭ തള്ളി.