തമിഴ്നാട്ടിൽ നിർത്തിയിട്ടിരുന്ന കാറിന് പിന്നിൽ ലോറി ഇടിച്ചു കയറി; മൂന്ന് പേർ മരിച്ചു
Thursday, April 3, 2025 2:57 AM IST
ചെന്നൈ: ചെങ്കൽപേട്ട് ജില്ലയിൽ സിഗ്നലിൽ നിർത്തിട്ടിരിക്കുകയായിരുന്ന കാറിന് പിന്നിലേക്ക് ടിപ്പർ ലോറി ഇടിച്ചു കയറി അപകടം. ഒരു വയസുള്ള കുട്ടി ഉൾപ്പെടെ മൂന്ന് പേർ മരിച്ചു. അമിത വേഗത്തിലെത്തിയ ടിപ്പർ ലോറി നിയന്ത്രണം നഷ്ടമായി കാറിന്റെ പിന്നിലേക്ക് ഇടിച്ചുകയറുകയായിരുന്നു,
ഏഴ് വയസുള്ള മറ്റൊരു കുട്ടി ഉൾപ്പെടെ നാല് പേർ പരിക്കുകളോടെ ചികിത്സയിലാണ്. ഇവരുടെ നില ഗുരുതരമാണെന്ന് അധികൃതർ അറിയിച്ചു. ചെങ്കൽപേട്ട് ജില്ലയിലെ സിംഗപെരുമാൾ കോവിലിലായിരുന്നു സംഭവം. പരിക്കേറ്റവരെ ചെങ്കൽപേട്ട് മെഡിക്കൽ കോളജ് ആശുപത്രിയിൽ പ്രവേശിപ്പിച്ചു.
മധുരയിൽ നിന്ന് ചെന്നൈയിലേക്ക് ഒരു ചടങ്ങിൽ പങ്കെടുക്കാനായി എത്തിയ ഒരു കുടുംബത്തിലെ അംഗങ്ങളാണ് അപകടത്തിൽപ്പെട്ടത്. പരിപാടിക്ക് ശേഷം ഇവർ മധുരയിലേക്ക് മടങ്ങിപ്പോവുമ്പോഴായിരുന്നു ദാരുണമായ അപകടം സംഭവിച്ചത്. കാർത്തിക് (35), ഭാര്യ നന്ദിനി (30), മകൾ ഇളമതി (ഏഴ്), മകൻ സായ് വേലൻ (ഒന്ന്), നന്ദിനിയുടെ മാതാപിതാക്കാളായ അയ്യനാർ (65), ദേവ പുൻജാരി (60) എന്നിവരാണ് കാറിലുണ്ടായിരുന്നത്.