ഐപിഎൽ; ബംഗളൂരുവിന്റെ അപരാജിത കുതിപ്പിന് കടിഞ്ഞാണിട്ട് ഗുജറാത്ത്
Wednesday, April 2, 2025 11:31 PM IST
ബംഗളൂരു: ഐപിഎല്ലിൽ റോയൽ ചലഞ്ചേഴ്സ് ബംഗളൂരുവിനെ എട്ടുവിക്കറ്റിന് തകർത്ത് ഗുജറാത്ത് ടൈറ്റന്‍സ്. ആദ്യ രണ്ട് കളികളും ജയിച്ച് മുന്നേറിയ ബംഗളൂരുവിനെ അവരുടെ സ്വന്തം തട്ടകത്തിലാണ് ഗുജറാത്ത് തളച്ചത്. ഈ ജയത്തോടെ ഗുജറാത്ത് പോയിന്റ് പട്ടികയില്‍ രണ്ടാം സ്ഥാനത്തേക്കുയര്‍ന്നു.
സ്കോർ: ആര്‍സിബി 20 ഓവറില്‍ 169-8, ഗുജറാത്ത് ടൈറ്റന് 17.5 ഓവറില്‍ 170 -2. ആദ്യം ബാറ്റ് ചെയ്ത് ആർസിബി ഉയര്‍ത്തിയ 170 റണ്‍സ് വിജയലക്ഷ്യം ജോസ് ബട്ലറുടെയും (73), സായ് സുദര്‍ശന്റെയും(49) ബാറ്റിംഗ് മികവില്‍ ഗുജറാത്ത് അനായാസം മറികടന്നു. 30 റൺസുമായി ഷെർഫെയ്ൻ റുഥർഫോഡ് പുറത്താകാതെനിന്നു.
സായ് സുദർശൻ (36 പന്തിൽ 49), ക്യാപ്റ്റൻ ശുഭ്മൻ ഗിൽ (14 പന്തിൽ 14) എന്നിവരാണു പുറത്തായ ഗുജറാത്ത് ബാറ്റർമാർ. ടോസ് നേടി ബാറ്റിംഗിന് ഇറങ്ങിയ ബംഗളൂരു 20 ഓവറിൽ എട്ടു വിക്കറ്റ് നഷ്ടത്തിൽ 169 റൺസെടുത്തു. 40 പന്തുകൾ നേരിട്ട ലിയാം ലിവിംഗ്സ്റ്റൻ അഞ്ചു സിക്സറുകൾ ഉൾപ്പടെ 54 റൺസെടുത്തു ബംഗളൂരുവിന്റെ ടോപ് സ്കോററായി.
ഗുജറാത്തിനായി മുഹമ്മസ് സിറാജ് മൂന്നും സായ് കിഷോർ രണ്ടും വിക്കറ്റ് വീഴ്ത്തി. നാല് ഓവറിൽ 19 റൺസിന് മൂന്നുവിക്കറ്റ് വീഴ്ത്തിയ മുഹമ്മസ് സിറാജിനെ കളിയിലെ താരമായി തെരഞ്ഞെടുത്തു.