അമ്മയും മകളും വാനിടിച്ച് മരിച്ച സംഭവം; ഒളിവിൽ കഴിഞ്ഞിരുന്ന ഡ്രൈവര്‍ കീഴടങ്ങി
Wednesday, April 2, 2025 9:14 PM IST
തിരുവനന്തപുരം: ജനക്കൂട്ടത്തിനിടയിലേക്ക് റിക്കവറി വാനിടിച്ച് കയറി അമ്മയും മകളും മരിച്ച സംഭവത്തില്‍ ഒളിവിലായിരുന്ന ഡ്രൈവര്‍ പോലീസിൽ കീഴടങ്ങി. കഴിഞ്ഞ ഞായറാഴ്ച വർക്കല പേരേറ്റിലുണ്ടായ സംഭവത്തിൽ പേരേറ്റിൽ സ്വദേശികളായ രോഹിണി (56) മകൾ അഖില (21) ആണ് മരിച്ചത്.
വാഹനം ഓടിച്ചിരുന്ന പേരേറ്റിൽ സ്വദേശി ടോണി പെരേരയാണ് ബുധനാഴ്ച വൈകുന്നേരം ആറിന് കല്ലമ്പലം പോലീസിൽ കീഴടങ്ങിയത്. വൈദ്യ പരിശോധനയ്ക്ക് ശേഷം വ്യാഴാഴ്ച ഇയാളെ കോടതിയിൽ ഹാജരാക്കുമെന്ന് കല്ലമ്പലം പോലീസ് അറിയിച്ചു.
വര്‍ക്കല കവലയൂര്‍ റോഡില്‍ കൂട്ടിക്കട ജംഗ്ഷനു സമീപത്തുവച്ചായിരുന്നു അപകടം. അമിതവേഗതയില്‍ വന്ന റിക്കവറി വാൻ ഒരു സ്കൂട്ടിയില്‍ ഇടിച്ചശേഷം റോഡിലൂടെ നടന്നുപോവുകയായിരുന്ന ആളുകളെ ഇടിക്കുകയായിരുന്നു.
പരിക്കേറ്റ രോഹിണിയേയും അഖിലയേയും ഉടൻ തന്നെ ആശുപത്രിയിലെത്തിച്ചെങ്കിലും ജീവന് രക്ഷിക്കാനായില്ല.