നാദാപുരത്ത് സംസ്ഥാനപാതയിൽ ഗതാഗതം തടസപ്പെടുത്തി പടക്കം പൊട്ടിച്ച സംഭവം; മൂന്ന് പേർ അറസ്റ്റിൽ
Wednesday, April 2, 2025 6:50 PM IST
കോഴിക്കോട്: നാദാപുരത്ത് സംസ്ഥാനപാതയിൽ ഗതാഗതം തടസപ്പെടുത്തി പടക്കം പൊട്ടിച്ച സംഭവത്തിൽ മൂന്ന് അറസ്റ്റിൽ. കല്ലാച്ചി സ്വദേശികളായ നടുവത്ത് വീട്ടില്‍ ഇമ്രാന്ഖാന്(28), മത്തത്ത് സജീര്‍(27), പുത്തന്‍പുരയില്‍ മുഹമ്മദ് റാഫി(27) എന്നിവരാണ് അറസ്റ്റിലായത്.
കേസ് എടുത്ത് അന്വേഷണം ആരംഭിച്ചതിന് പിന്നാലെ ഒളിവില്‍ പോകാനുള്ള ശ്രമത്തിനിടയിലാണ് ഇവരെ അറസ്റ്റ് ചെയ്തത്. നാദാപുരം കല്ലാച്ചിയിൽ കഴിഞ്ഞ ഞായറാഴ്ച രാത്രിയാണ് സംഭവം.
ഒരുകൂട്ടം യുവാക്കള്‍ റോഡ് കൈയ്യേറി അപകടകരമായ രീതിയില്‍ പടക്കം പൊട്ടിക്കുകയായിരുന്നു. തുടര്‍ന്ന് കണ്ടാലറിയാവുന്ന 15 പേര്‍ക്കെതിരേ പോലീസ് കേസെടുക്കുകയായിരുന്നു. സമൂഹമാധ്യമങ്ങളിലൂടെ പ്രചരിച്ച ദൃശ്യങ്ങളില്‍ നിന്നാണ് പോലീസ് ഇവരെ തിരിച്ചറിഞ്ഞത്. കേസിലെ മറ്റ് പ്രതികളെയും ഉടനെ പിടികൂടുമെന്ന് പോലീസ് ഉദ്യോഗസ്ഥര്‍ അറിയിച്ചു.