കെഎസ്ആർടിസി ബസ് ഇടിച്ചു; കാൽനട യാത്രക്കാരന് ദാരുണാന്ത്യം
Wednesday, April 2, 2025 4:59 PM IST
ഇടുക്കി: നിയന്ത്രണം വിട്ട കെഎസ്ആർടിസി ബസ് ഇടിച്ച് കാൽനട യാത്രക്കാരന് ദാരുണാന്ത്യം. ബുധനാഴ്ച രാവിലെ പാമ്പനാർ ജംഗ്ഷനിലുണ്ടായ അപകടത്തിൽ പാമ്പനാർ സ്വദേശി സ്റ്റാൻസിലാവോസ് (70) ആണ് മരിച്ചത്.
കരാറുകാരനായ സ്റ്റാൻസിലാവോസ് വീട്ടിൽ നിന്നു നിർമാണ പ്രവർത്തനം നടക്കുന്ന സ്ഥലത്തേക്കു പോകുന്നതിന് ഇടയിലായിരുന്നു അപകടം. അമിത വേഗത്തിൽ വളവ് തിരിഞ്ഞെത്തിയ കെഎസ്ആർടിസി ബസ് നിയന്ത്രണം നഷ്ടപ്പെട്ട് നടന്നു പോകുകയായിരുന്ന സ്റ്റാൻസിലാവോസിനെ ഇടിച്ചു തെറിപ്പിക്കുകയായിരുന്നു.
വഴിയരികിൽ ഒതുക്കി നിർത്തിയിരുന്ന പിക്കപ് വാനും ഇടിച്ചു തെറിപ്പിച്ച ശേഷമാണ് ബസ് നിന്നത്. അപകടം നടന്ന ഉടനെ സ്റ്റാൻസിലാവോസിനെ പാലായിലെ സ്വകാര്യ ആശുപത്രിയിൽ എത്തിച്ചെങ്കിലും ജീവൻ രക്ഷിക്കാനായില്ല.