ഏറ്റുമാനൂരില്‍ അമ്മയും മക്കളും ജീവനൊടുക്കിയ സംഭവം; പ്രതി നോബി ലൂക്കോസിന് ജാമ്യം
Wednesday, April 2, 2025 3:14 PM IST
കോട്ടയം: ഏറ്റുമാനൂരില്‍ അമ്മയും മക്കളും ജീവനൊടുക്കിയ സംഭവത്തില്‍ പ്രതി നോബി ലൂക്കോസിന് ജാമ്യം. കോട്ടയം ജില്ലാ സെഷന്‍സ് കോടതിയാണ് ഉപാധികളോടെ ജാമ്യം അനുവദിച്ചത്.
ജാമ്യം കിട്ടി പുറത്തിറങ്ങിയാല്‍ നോബി തെളിവ് നശിപ്പിക്കാനും സാക്ഷികളെ സ്വാധീനിക്കാനും സാധ്യതയുണ്ടെന്ന് പ്രോസിക്യൂഷന് കോടതിയില്‍ വാദിച്ചിരുന്നു. എന്നാൽ കേസിൽ നോബിയുടെ പങ്ക് തെളിയിക്കുന്ന ഒരു തെളിവും കണ്ടെത്താൻ പോലീസിന് കഴിഞ്ഞിട്ടില്ലെന്നായിരുന്നു പ്രതിഭാഗത്തിന്റെ വാദം.
നോബിയുടെ ജാമ്യാപേക്ഷയെ എതിർത്ത് ഷൈനിയുടെ അച്ഛൻ കുര്യക്കോസും കേസിൽ കക്ഷി ചേർന്നിട്ടുണ്ട്. നോബി ഫോണില്‍ വിളിച്ച് ഭീഷണിപ്പെടുത്തിയതും മാനസികമായി തളർത്തിയതുമാണ് ഷൈനിയുടെയും മക്കളുടെയും ആത്മഹത്യയിലേക്ക് നയിച്ചതെന്ന് പോലീസ് കണ്ടെത്തിയിരുന്നു. ആത്മഹത്യാപ്രേരണാക്കുറ്റം ചുമത്തി അറസ്റ്റ് ചെയ്ത ഇയാള്‍ കഴിഞ്ഞ 28 ദിവസമായി ജയിലിലായിരുന്നു.
കഴിഞ്ഞ ഫെബ്രുവരി 28ന് ഏറ്റുമാനൂർ റെയിൽവേ സ്റ്റേഷന് സമീപം പാറോലിക്കൽ വെച്ചാണ് ഷൈനിയും മക്കളായ അലീനയും ഇവാനയും ട്രെയിന്‍ മുന്നിൽ ചാടി മരിച്ചത്. കോട്ടയം നിലമ്പൂർ റോഡ് എക്സ്പ്രസ് ഇടിച്ചാണ് മൂവരും മരിച്ചത്.