ശ്രീനാഥ് ഭാസിക്കും ഷൈൻ ടോമിനും ലഹരി കൈമാറി; ആലപ്പുഴയിൽ ഹൈബ്രിഡ് കഞ്ചാവുമായി പിടികൂടിയ യുവതിയുടെ മൊഴി
Wednesday, April 2, 2025 1:20 PM IST
ആലപ്പുഴ: മലയാള സിനിമയിലെ പ്രമുഖ താരങ്ങൾക്കെതിരെ ഹൈബ്രിഡ് കഞ്ചാവുമായി പിടികൂടിയ യുവതിയുടെ മൊഴി. ശ്രീനാഥ് ഭാസിക്ക് കഞ്ചാവ് കൈമാറി. ഷൈൻ ടോം ചാക്കോ കസ്റ്റമറാണെന്നും ഇവർ എക്സൈസ് സംഘത്തിന് മൊഴി നൽകി.
ആലപ്പുഴയിൽ പിടിയിലായ തസ്ലീന സുൽത്താനയാണ് ഇരുവർക്കുമെതിരേ മൊഴി നൽകിയത്. ഇരുവരുമായുള്ള ബന്ധത്തിന്റെ ഡിജിറ്റൽ തെളിവുകൾ എക്സൈസിന് ലഭിച്ചിട്ടുണ്ട്. പ്രതിക്ക് സിനിമ മേഖലയിലെ മറ്റ് ഉന്നതരുമായും ബന്ധമുണ്ടെന്നാണ് വിവരം.
രണ്ട് കോടി രൂപയുടെ ഹൈബ്രിഡ് കഞ്ചാവുമായാണ് ചെന്നൈ സ്വദേശിനി തസ്ലിമ സുൽത്താനയെ എക്സൈസ് പിടികൂടിയത്. ഇവർക്കൊപ്പം മക്കളും ഉണ്ടായിരുന്നു. ചൊവ്വാഴ്ച രാത്രിയാണ് നർക്കോട്ടിക്സ് സിഐ മഹേഷിന്റെ നേതൃത്വത്തിലുള്ള സംഘം ആലപ്പുഴ മാരാരിക്കുളത്തെ റിസോർട്ടിൽ നിന്നാണ് ഇവരെ പിടികൂടുന്നത്.
യുവതിക്കൊപ്പം മണ്ണഞ്ചേരി സ്വദേശിയായ ഫിറോസ് എന്നയാളെയും എക്സൈസ് അറസ്റ്റ് ചെയ്തിട്ടുണ്ട്. ഫിറോസുമായി ചേർന്ന് വില്പന നടത്താനായാണ് ഇവർ ലഹരി വസ്തുക്കളുമായി ആലപ്പുഴയിൽ എത്തിയത്.
എറണാകുളത്ത് നിന്നും ആലപ്പുഴയിലെ വിവിധ സ്ഥലങ്ങളിൽ എത്തിച്ച് വില്പന നടത്താനായിരുന്നു ഇവരുടെ ലക്ഷ്യം. തായ്ലൻഡിൽ നിന്നാണ് ഇവർക്ക് ഹൈബ്രിഡ് കഞ്ചാവ് ലഭിച്ചതെന്നാണ് സൂചന.