മേഘയുടെ മരണം; ആൺസുഹൃത്തിന്റെ ഫോണ്‍ കണ്ടെത്തണമെന്ന് കുടുംബം
Wednesday, April 2, 2025 12:54 PM IST
പത്തനംതിട്ട: തിരുവനന്തപുരം എയര്‍പോര്‍ട്ട് ഐബി ഉദ്യോഗസ്ഥയായിരുന്ന അതിരുങ്കല്‍ കാരയ്ക്കാക്കുഴി പൂഴിക്കാട്ട് വീട്ടില്‍ മേഘയുടെ(25) മരണവുമായി ബന്ധപ്പെട്ട് ആരോപണവിധേയനായ ഐബി ഉദ്യോഗസ്ഥന് മലപ്പുറം സ്വദേശി സുകാന്തിനെ കണ്ടെത്തി തുടര്‍നടപടികള്‍ സ്വീകരിക്കണമെന്ന് കുടുംബം.
മേഘയുടെ മൊബൈല്‍ ഫോണ്‍ വീണ്ടെടുക്കാനാകാത്തവിധം നഷ്ടമായ സാഹചര്യത്തില്‍ സുകാന്ത് ഉപയോഗിച്ചിരുന്ന ഫോണ്‍ കണ്ടെത്തണമെന്നാണ് കുടുംബത്തിന്റെ ആവശ്യം. കേസില്‍ നിര്‍ണായകമായ തെളിവുകള്‍ ഇതില്‍നിന്നു ലഭ്യമാകും.
മകളെ സുകാന്ത് സാമ്പത്തികമായും ശാരീരികമായും ചൂഷണം ചെയ്തിരുന്നതായി അച്ഛന് മധുസൂദനന് പറഞ്ഞു. ഇതുസംബന്ധിച്ച് പോലീസിനും ഐബിക്കും മധുസൂദനന് പരാതി നല്‍കിയിട്ടുണ്ട്. ഐബിയില്‍ നെടുമ്പാശേരി എയര്‍പോര്‍ട്ട് ഉദ്യോഗസ്ഥനാണ് സുകാന്ത്. മേഘ തിരുവനന്തപുരം എയര്‍പോര്‍ട്ടിലാണ് ജോലി ചെയ്തിരുന്നത്.
പരിശീലനസമയത്ത് കേരളത്തിനു പുറത്തായിരുന്നപ്പോഴാണ് ഇരുവരും അടുപ്പത്തിലാകുന്നത്. സൗഹൃദം പ്രണയമായി വളര്‍ന്നതോടെ സുകാന്തുമായുള്ള വിവാഹം നടത്തിക്കൊടുക്കാന്‍ തയാറായിരുന്നുവെന്നും എന്നാൽ സുകാന്ത് പിന്മാറുകയായിരുന്നുവെന്നും മാതാപിതാക്കൾ പറഞ്ഞു.