സ്ത്രീകളോട് മാന്യമായി പെരുമാറിയില്ലെങ്കിൽ മോന്ത അടിച്ചുപൊളിക്കും; പഞ്ചായത്ത് സെക്രട്ടറിയെ ഭീഷണിപ്പെടുത്തി മുഹ്സിൻ എംഎൽഎ
Wednesday, April 2, 2025 12:19 PM IST
പാലക്കാട്: സ്ത്രീകളോട് മാന്യമായി പെരുമാറാൻ അറിയില്ലെങ്കിൽ മോന്ത അടിച്ച് പൊളിക്കുമെന്ന് പഞ്ചായത്ത് സെക്രട്ടറിക്ക് പട്ടാമ്പി എംഎൽഎ മുഹമ്മദ് മുഹ്സിന്റെ ഭീഷണി. പാലക്കാട് ഓങ്ങല്ലൂർ പഞ്ചായത്ത് സെക്രട്ടറി ജഗദീഷിനോടാണ് എംഎൽഎ ഫോണിൽ കയർത്തത്. സഹോദരിയോട് മോശമായി പെരുമാറിയെന്ന് ആരോപിച്ചാണ് എംഎൽയുടെ പ്രതികരണം.
കഴിഞ്ഞ ജനുവരി 20ന് നടന്ന സംഭാഷണത്തിന്റെ ഓഡിയോ ആണ് ഇപ്പോൾ പുറത്തുവന്നത്. തന്റെ സഹോദരി വിവാഹ സർട്ടിഫിക്കറ്റിനായി ഓങ്ങല്ലൂർ പഞ്ചായത്ത് സെക്രട്ടറിയെ സമീപിച്ചിരുന്നെന്നും എന്നാൽ വിദ്യാഭ്യാസ യോഗ്യതയടക്കം ചൂണ്ടിക്കാട്ടി സെക്രട്ടറി അപമാനിച്ചെന്നും കരഞ്ഞുകൊണ്ടാണ് സഹോദരി ഇറങ്ങിപ്പോയതെന്നും എംഎല്‍എ പറയുന്നു.
സഹോദരി തന്നോട് പറഞ്ഞില്ലെന്നും അവിടെ കൂടെനിന്നവരാണ് വിവരം അറിയിച്ചതെന്നും എംഎല്‍എ ഫോണ്‍ സംഭാഷണത്തില്‍ പറയുന്നുണ്ട്.എന്നാൽ താൻ അത്തരത്തിൽ പെരുമാറിയിട്ടില്ലെന്നും ആരോപണങ്ങളെല്ലാം കെട്ടിച്ചമച്ചതാണെന്നാണ് പഞ്ചായത്ത് സെക്രട്ടറിയുടെ വിശദീകരണം.
പഞ്ചായത്ത് മെമ്പർമാരോടും മോശമായാണ് സെക്രട്ടറി സംസാരിക്കുന്നതെന്നും എംഎൽഎ ഫോണിൽ ആരോപിക്കുന്നു. താൻ ആരാണെന്നും എങ്ങനെയാണ് പെരുമാറിയതെന്നും നല്ല ബോധ്യമുണ്ടെന്നായിരുന്നു പഞ്ചായത്ത് സെക്രട്ടറി നൽകിയ മറുപടി.