കഥാകൃത്ത് ഇ.വി.ശ്രീധരൻ അന്തരിച്ചു
Wednesday, April 2, 2025 10:41 AM IST
കോഴിക്കോട്: കഥാകൃത്തും മാധ്യമപ്രവർത്തകനുമായ ഇ.വി.ശ്രീധരൻ അന്തരിച്ചു. കോഴിക്കോട്ട് വടകരയിലെ സ്വകാര്യ ആശുപത്രിയിലായിരുന്നു അന്ത്യം. സംസ്കാരം വള്ളിക്കാട് വടവത്തും താഴെപ്പാലം വീട്ടുവളപ്പിൽ നടക്കും.
ദീർഘകാലമായി കലാകൗമുദി വാരികയുടെ പത്രാധിപസമിതി അംഗമായി ഇ.വി.ശ്രീധരൻ പ്രവർത്തിച്ചിരുന്നു. മദ്രാസിൽ പത്രപ്രവർത്തനം തുടങ്ങിയ അദ്ദേഹം കലാകൗമുദിയിലൂടെ തിരുവനന്തപുരത്തെത്തി. കോൺഗ്രസിന്റെ മുഖപത്രമായിരുന്ന വീക്ഷണത്തിലും രണ്ടുവർഷം പ്രവർത്തിച്ചു.
എലികളും പത്രാധിപരും, ഈ നിലാവലയിൽ, താമരക്കുളത്തെ അമ്മുക്കുട്ടി, ഒന്നാംപ്രതി, ജാനകിയുടെ സ്മാരകം, ഓർമ്മയിലും ഒരു വിഷ്ണു, ലബോറട്ടറിയിലെ പൂക്കൾ തുടങ്ങിയവയാണ് പ്രധാന കഥാസമാഹാരങ്ങൾ. ദൈവക്കളി, ഏതോ പൂവുകൾ, നന്ദിമാത്രം, കാറ്റുപോലെ എന്നിവ അദ്ദേഹത്തിന്റെ നോവലുകളാണ്.