ഗുജറാത്തിലെ പടക്കനിര്‍മാണശാലയിലെ സ്ഫോടനം; മരണസംഖ്യ 21 ആയി
Wednesday, April 2, 2025 12:48 AM IST
അഹമ്മദാബാദ്: ഗുജറാത്തിലെ ഡീസയില്‍ പടക്കനിര്‍മാണശാലയിലും ഗോഡൗണിലുമായുള്ള സ്ഫോടനത്തില്‍ മരിച്ചവരുടെ എണ്ണം 21 ആയി. ആറ് പേർ പരിക്കേറ്റ് ആശുപത്രിയിൽ ചികിത്സയിൽ കഴിയുന്നുണ്ട്.
മരിച്ചവരെല്ലാം മധ്യപ്രദേശിലെ ഹർദ, ദേവാസ് ജില്ലകളിൽ നിന്നുള്ളവരാണെന്ന് ജില്ലാ കളക്ടർ മിഹിർ പട്ടേൽ പറഞ്ഞു. മരിച്ച 19 പേരെ തിരിച്ചറിഞ്ഞിട്ടുണ്ട്. രണ്ടുപേരെ തിരിച്ചറിഞ്ഞിട്ടില്ലെന്നും അദ്ദേഹം വ്യക്തമാക്കി.
സ്ഫോടനത്തിന്റെ ആഘാതത്തിൽ മരിച്ച തൊഴിലാളികളുടെ ശരീരഭാഗങ്ങൾ 200-300 മീറ്റർ അകലെ തെറിച്ചുപോയി. കെട്ടിടത്തിന്റെ സ്ലാബ് തകർന്നതിനെ തുടർന്ന് രക്ഷാപ്രവർത്തനങ്ങൾക്ക് തടസമുണ്ടായതാണ് മരണനിരക്ക് കൂടാൻ കാരണം.
ഇന്ന് ഉച്ചയോടെയാണ് സ്ഫോടമുണ്ടായത്. ബോയിലര്‍ പൊട്ടിത്തെറിച്ചാണ് തീപിടിത്തമുണ്ടായതെന്നാണ് പ്രാഥമിക നിഗമനം.
അഗ്നിരക്ഷാസേനയും സംസ്ഥാന ദുരന്തനിവാരണസേനയും ചേര്‍ന്നാണ് രക്ഷാപ്രവര്‍ത്തനം നടത്തിയത്. നിലവില്‍ തീ നിയന്ത്രണവിധേയമായിട്ടുണ്ട്.