കരുനാഗപ്പള്ളി കൊലപാതകം; മുഖ്യപ്രതിയുടെ വീട്ടിൽ നിന്നും ആയുധങ്ങൾ കണ്ടെത്തി
Monday, March 31, 2025 5:37 PM IST
കൊല്ലം: കരുനാഗപ്പള്ളി കൊലക്കേസിലെ മുഖ്യ പ്രതി അലുവ അതുലിന്റെ വീട്ടില്‍ നിന്ന് എയര്‍ പിസ്റ്റള്‍ കണ്ടെത്തി. മഴു, വെട്ടുകത്തി തുടങ്ങിയ ആയുധങ്ങളും കണ്ടെടുത്തു. കരുനാഗപ്പള്ളി പോലീസ് നടത്തിയ പരിശോധനയിലാണ് തോക്കും മാരകായുധങ്ങളും കണ്ടെത്തിയത്.
പങ്കജ്, അലുവ അതുല്‍ തുടങ്ങിയവരുടെ വീടുകളിലാണ് പോലീസ് പരിശോധന നടത്തിയത്. ഈ പരിശോധനയിലാണ് അലുവ അതുലിന്റെ വീട്ടില്‍ നിന്ന് എയര്‍ പിസ്റ്റള്‍ അടക്കം കണ്ടെത്തിയത്.
മറ്റു പ്രതികളുടെ വീട്ടില്‍ നിന്ന് തോട്ടയുണ്ടാക്കുന്നതിനുള്ള ഉപകരണങ്ങളും കിട്ടിയിട്ടുണ്ട്. അലുവ അതുലിനെ കണ്ടെത്താന്‍ പോലീസിന് ഇതുവരെ സാധിച്ചിട്ടില്ല. കഴിഞ്ഞ ദിവസം ആലുവയില്‍ വാഹന പരിശോധനയ്ക്കിടെ ഇയാള്‍ ഓടി രക്ഷപെടുന്ന സാഹചര്യമുള്പ്പടെയുണ്ടായിരുന്നു.
64 പേരടങ്ങുന്നതാണ് വയനകം സംഘമെന്ന ഗുണ്ടാ സംഘമെന്ന വിവരവും ഇപ്പോള്‍ പുറത്ത് വരുന്നുണ്ട്. ഇവരെ സംബന്ധിച്ചുള്ള കൂടുതല്‍ പരിശോധനകള്‍ പോലീസ് നടത്തി വരികയാണ്.
അതേസമയം, ജിം സന്തോഷിനെ വീട്ടില്‍ കയറി കൊലപ്പെടുത്തിയ ഒരു പ്രതി കൂടി പിടിയില്‍. കുതിരപ്പന്തി സ്വദേശി സോനുവിനെയാണ് ആലപ്പുഴയില്‍ നിന്ന് കസ്റ്റഡിയിലെടുത്തത്. ഇതോടെ കൃത്യത്തില്‍ നേരിട്ട് പങ്കുള്ള നാലു പേര് പിടിയിലായി