പൃഥ്വിരാജിന്റെ ഭാര്യ അര്‍ബന്‍ നക്സല്‍, മല്ലിക മരുമകളെ നിലയ്ക്ക് നിര്‍ത്തണം: ബി. ഗോപാലകൃഷ്ണന്
Monday, March 31, 2025 3:02 PM IST
തിരുവനന്തപുരം: എമ്പുരാന് സിനിമാ വിവാദങ്ങള്‍ക്കിടെ സംവിധായകന് പൃഥ്വിരാജിന്റെ കുടുംബത്തെ അധിക്ഷേപിച്ച് ബിജെപി നേതാവ് ബി. ഗോപാലകൃഷ്ണന്. പൃഥ്വിരാജിന്റെ ഭാര്യ അര്‍ബന്‍ നക്സല്‍ ആണെന്ന് ഗോപാലകൃഷ്ണന് പറഞ്ഞു.
മല്ലികാ സുകുമാരന്‍ ആദ്യം മരുമകളെ നിലയ്ക്ക് നിര്‍ത്തണമെന്നും അദ്ദേഹം പറഞ്ഞു. മോഹന്‍ലാലിനെ പരോക്ഷമായും മേജര്‍ രവിയെ പ്രത്യക്ഷമായും എതിര്‍ത്ത മല്ലിക സുകുമാരനോട് ബിജെപിക്ക് പറയാനുള്ളത് നിങ്ങളുടെ വീട്ടില്‍ ഒരാളുണ്ടല്ലോ. മല്ലിക സുകുമാരന്റെ മരുമകള്‍. അര്‍ബന്‍ നെക്സല്‍.
തരത്തില്‍ കളിക്കെടായെന്നാണ് ആ അര്‍ബന്‍ നെക്സല്‍ നേരത്തെ പറഞ്ഞത്. ആദ്യം അഹങ്കാരിയെ നിലയ്ക്ക് നിര്‍ത്താനാണ് മല്ലിക സുകുമാരന്‍ ശ്രമിക്കേണ്ടതെന്നാണ് ആദ്യം പറയാനുള്ളതെന്നും ഗോപാലകൃഷ്ണന് പ്രതികരിച്ചു.
കഴിഞ്ഞ വ്യാഴാഴ്ചയായിരുന്നു എമ്പുരാന് തിയേറ്ററുകളില്‍ എത്തിയത്. ചിത്രം പുറത്തിറങ്ങിയതിന് പിന്നാലെ വിവാദവും പൊട്ടിപ്പുറപ്പെട്ടിരുന്നു. ഗുജറാത്ത് കലാപവുമായി ബന്ധപ്പെട്ട ചിത്രത്തിലെ ചില പരാമര്‍ശങ്ങള്‍ ചൂണ്ടിക്കാട്ടി എമ്പുരാനെതിരെ ബഹിഷ്കരണാഹ്വാനവുമായി സംഘപരിവാര്‍ രംഗത്തെത്തിയിരുന്നു.
പിന്നാലെ പ്രിയപ്പെട്ടവര്‍ക്ക് ഉണ്ടായ മനോവിഷമത്തില്‍ തനിക്കും എമ്പുരാന് ടീമിനും ആത്മാര്‍ത്ഥമായ ഖേദമുണ്ടെന്ന് വ്യക്തമാക്കി മോഹന്‍ലാല്‍ ഫേസ്ബുക്കില്‍ കുറിപ്പുമായി എത്തിയിരുന്നു.