സമരക്കാരോട് വിരോധമില്ല; സംസ്ഥാനം മാത്രം വിചാരിച്ചാൽ ഓണറേറിയം കൂട്ടാനാവില്ല: ധനമന്ത്രി
Monday, March 31, 2025 1:33 PM IST
തിരുവനന്തപുരം: സമരം ചെയ്യുന്ന ആശാ വർക്കർമാരോട് ദേഷ്യമോ വിരോധമോ ഇല്ലെന്ന് ധനമന്ത്രി കെ.എൻ. ബാലഗോപാൽ. അനുഭാവ പൂർണമായ സമീപനമാണ് സർക്കാരിനുള്ളത്. കേന്ദ്രസർക്കാർ പദ്ധതിയായ ‘ആശ’യിൽ ബജറ്റിൽ പറഞ്ഞതിനെക്കാൾ കൂടുതൽ തുക സർക്കാർ അനുവദിച്ചിട്ടുണ്ട്. അവരുടെ ഓണറേറിയം ഉൾപ്പെടെയുള്ള കുടിശിക തീർപ്പാക്കിയെന്നും മന്ത്രി കൂട്ടിച്ചേർത്തു.
നിലവിലെ സാഹചര്യത്തിൽ സംസ്ഥാനത്തിന് ചെയ്യാൻ കഴിയാത്ത ആവശ്യങ്ങളാണ് സമരക്കാർ ഉന്നയിക്കുന്നത്. സംസ്ഥാനം മാത്രം വിചാരിച്ചാൽ ഓണറേറിയം വർധിപ്പിക്കാനാവില്ല. വേതനം വർധിപ്പിക്കുമെന്ന് പറഞ്ഞാൽ മാത്രം പോര, അത് ചെയ്യാനാകണമെന്നും കെ.എൻ. ബാലഗോപാൽ പറഞ്ഞു.
ആശ വർക്കർമാരുടെ സമരത്തിന് നേതൃത്വം നൽകുന്നവർ വിഷയത്തെ രാഷ്ട്രീയമായി ഉപയോഗിക്കാൻ ശ്രമിക്കുകയാണ്. ആശമാരെ തൊഴിലാളികളായി അംഗീകരിക്കണമെന്ന ആവശ്യം പോലും കേന്ദ്രസർക്കാർ പരിഗണിച്ചിട്ടില്ല. ഒരേസമയം ഇരയ്ക്കും വേട്ടക്കാർക്കും ഒപ്പം ഓടുന്ന സമീപനമാണ് സമരത്തിൽ ബിജെപി സ്വീകരിക്കുന്നതെന്നും ധനമന്ത്രി കുറ്റപ്പെടുത്തി.