ചത്ത ആടുകളെ വനത്തില്‍ തള്ളാന്‍ശ്രമിച്ച നാലുപേര്‍ അറസ്റ്റില്‍
Monday, March 31, 2025 9:58 AM IST
മാനന്തവാടി: ചത്ത ആടുകളെ വനത്തില്‍ തള്ളാന്‍ശ്രമിച്ച രാജസ്ഥാന് സ്വദേശികള്‍ പിടിയില്‍. കല്‍റ സദ്ദാം(28), നാദു(52), തളിയ മുഷ്താഖ്(51), മൊഹല്ല ഇര്ഫാന്(34) എന്നിവരെയാണ് ബേഗൂര്‍ സെക്ഷന്‍ ഫോറസ്റ്റ് ഓഫീസര്‍ ടി.ആര്. സന്തോഷ് കുമാര്‍ അറസ്റ്റുചെയ്തത്.
ശനിയാഴ്ച രാവിലെ 11-ഓടെയാണ് സംഭവം. കാട്ടിക്കുളം ബേഗൂര്‍ ഇരുമ്പുപാലത്തിനുസമീപത്തുള്ള ചേമ്പുംകൊല്ലി വനത്തിൽ ആടുകളുടെ ജഡം തള്ളാനാണ് ശ്രമിച്ചത്. പുറകെ വാഹനത്തില്‍ വന്നവര്‍ വിവരമറിയിച്ചതിനെത്തുടര്‍ന്ന് വനപാലകര്‍ സ്ഥലത്തെത്തുമ്പോഴേക്കും വാഹനവുമായി കടന്നവരെ തോല്‍പ്പെട്ടി വനംവകുപ്പ് ചെക്ക്പോസ്റ്റിനുസമീപം പിടികൂടുകയായിരുന്നു. ആടുകളെ കടത്താനുപയോഗിച്ച വാഹനവും ഉദ്യോഗസ്ഥര്‍ കസ്റ്റഡിയിലെടുത്തു.
കോഴിക്കോട് സ്വദേശിക്കായാണ് കഴിഞ്ഞ 25-ന് രാജസ്ഥാനില്‍നിന്ന് മംഗലാപുരം വഴി 220 ആടുകളുമായി സംഘം പുറപ്പെട്ടത്. ഇതില്‍ 35 ആടുകളാണ് ചത്തത്. ശനിയാഴ്ച പുലര്‍ച്ചെ രണ്ടോടെയാണ് ചത്ത ആടുകളുമായി സംഘം മടങ്ങിയത്. ചത്ത ആടുകളെ വനത്തില്‍ തള്ളി കടന്നുകളയാനായിരുന്നു ശ്രമം.
എല്ലാവരെയും മാനന്തവാടി ജുഡീഷല്‍ ഫസ്റ്റ് ക്ലാസ് മജിസ്ട്രേറ്റി (ഒന്ന്)ന്റെ ചുമതലയുള്ള സുല്‍ത്താന്‍ ബത്തേരി ജുഡീഷല്‍ ഫസ്റ്റ് ക്ലാസ് മജിസ്ട്രേറ്റ് (രണ്ട്) റിമാന്‍ഡ് ചെയ്തു.