ആവേശപ്പോരില്‍ ചെന്നൈയെ വീഴ്ത്തി; രാജസ്ഥാന് തകര്‍പ്പന്‍ ജയം
Monday, March 31, 2025 12:35 AM IST
ഗോഹട്ടി: ഇന്ത്യൻ പ്രീമിയർ ലീഗിൽ ചെന്നൈയ്ക്കെതിരെ രാജസ്ഥാൻ റോയൽസിന് തകര്‍പ്പന്‍ ജയം. അവസാന ഓവര്‍ വരെ ആവേശം അലതല്ലിയ മത്സരത്തില്‍ രാജസ്ഥാന് ആറ് റണ്‍സിന്റെ ജയമാണ് സ്വന്തമാക്കിയത്. സീസണിൽ രാജസ്ഥാന്റെ ആദ്യജയമാണിത്.
സ്കോര്‍: രാജസ്ഥാന് റോയല്‍സ് 182-9, ചെന്നൈ സൂപ്പര്‍ കിംഗ്സ് 176-6. ടോസ് നഷ്ടപ്പെട്ട് ബാറ്റിംഗിന് ഇറങ്ങിയ രാജസ്ഥാൻ റോയൽസ് നിശ്ചിത 20 ഓവറിൽ ഒമ്പതു വിക്കറ്റ് നഷ്ടത്തിൽ നേടിയത് 182 റൺസ്. ചെന്നൈ സൂപ്പർ കിംഗ്സിന്റെ മറുപടി 20 ഓവറിൽ ആറു വിക്കറ്റ് നഷ്ടത്തിൽ 176 റൺസിൽ അവസാനിച്ചു.
44 പന്തിൽ ഏഴു ഫോറും ഒരു സിക്സും സഹിതം 63 റൺസെടുത്ത ക്യാപ്റ്റൻ ഋതുരാജ് ഗെയ്ക്വാദാണ് ചെന്നൈയുടെ ടോപ് സ്കോറർ. ഇത്തവണ ഏഴാമനായി ഇറങ്ങിയ ധോണി 11 പന്തിൽ ഓരോ സിക്സും ഫോറും സഹിതം 16 റൺസെടുത്ത് പുറത്തായി.
രവീന്ദ്ര ജഡേജ 22 പന്തിൽ രണ്ടു ഫോറും ഒരു സിക്സും സഹിതം 32 റൺസുമായി പുറത്താകാതെ നിന്നു. അവസാന ഓവറില്‍ 20 റണ്‍സായിരുന്നു ചെന്നൈക്ക് ജയിക്കാന്‍ വേണ്ടിയിരുന്നത്. എന്നാൽ ധോണി ടീമിനെ വിജയത്തിലേക്ക് എത്തിക്കുമെന്ന് തോന്നിയെങ്കിലും ആറ് റണ്‍സകലെ പോരാട്ടം അവസാനിപ്പിച്ചു.
36 പന്തില്‍ 81 റണ്‍സടിച്ച നിതീഷ് റാണയാണ് രാജസ്ഥാന്റെ ടോപ് സ്കോറര്‍. സഞ്ജു സാംസണ് 16 പന്തില്‍ 20 റണ്‍സെടുത്തപ്പോള്‍ യശസ്വി ജയ്സ്വാള്‍ നാലു റണ്ണെടുത്ത് പുറത്തായി. ക്യാപ്റ്റന്‍ റിയാന്‍ പരാഗ് 37 റണ്‍സെടുത്തു.
ചെന്നൈയ്ക്കായി ഖലീൽ അഹമ്മദ്, നൂർ അഹമ്മദ്, മതീഷ പതിരാന എന്നിവർ രണ്ടു വിക്കറ്റുകൾ വീതം വീഴ്ത്തി. രാജസ്ഥാനായി വാനിന്ദു ഹസരംഗ നാലും ജോഫ്ര ആർച്ചർ, സന്ദീപ് ശർമ എന്നിവർ ഓരോ വിക്കറ്റും വീഴ്ത്തി. മൂന്ന് കളികളില്‍ നിന്ന് ചെന്നൈയുടെ രണ്ടാം തോല്‍വിയാണിത്.