ആൾക്കൂട്ടത്തിനിടയിലേക്ക് വാഹനം ഇടിച്ചുകയറി; അമ്മയ്ക്കും മകൾക്കും ദാരുണാന്ത്യം
Monday, March 31, 2025 12:12 AM IST
തിരുവനന്തപുരം: ജനക്കൂട്ടത്തിന് ഇടയിലേക്ക് റിക്കവറി വാഹനം ഇടിച്ചുകയറിയുണ്ടായ അപകടത്തിൽ അമ്മയ്ക്കും മകൾക്കും ദാരുണാന്ത്യം. ഞായറാഴ്ച രാത്രി പത്തിന് തിരുവനന്തപുരം വർക്കല പേരേറ്റിലുണ്ടായ അപകടത്തിൽ വർക്കല സ്വദേശികളായ രോഹിണിയും മകൾ അഖിലയുമാണ് മരിച്ചത്.
ഉത്സവം കണ്ട് മടങ്ങിയവർക്കിടയിലേക്കാണ് റിക്കവറി വാഹനം ഇടിച്ച് കയറുകയായിരുന്നു. വർക്കലയിൽ നിന്ന് കവലയൂർ ഭാഗത്തേക്ക് പോകുകയായിരുന്നു വാഹനം. അപകടശേഷം വാഹനത്തിലെ ഡ്രൈവർ ഓടിരക്ഷപ്പെട്ടു. വാഹനം അമിതവേഗതയിലായിരുന്നുവെന്ന് ദൃക്സാക്ഷികൾ പറഞ്ഞു.
റിക്കവറി വാഹനം ആദ്യം മറ്റ് വാഹനങ്ങളിൽ ഇടിക്കുകയും പിന്നീട് ജനക്കൂട്ടത്തിനിടയിലേക്ക് പാഞ്ഞു കയറുകയുമായിരുന്നു. പോലീസും ഫയർഫോഴ്സും സ്ഥലത്ത് എത്തി മേൽ നടപടികൾ സ്വീകരിച്ചു. മൃതദേഹങ്ങൾ പോസ്റ്റ്മോർട്ടത്തിനായി ആശുപത്രിയിലേക്ക് മാറ്റി.