എമ്പുരാൻ ഭീകരവാദത്തെ വെള്ളപൂശുന്നു; വീണ്ടും വിമർശനവുമായി ആർഎസ്എസ് മുഖപത്രം
Sunday, March 30, 2025 4:26 PM IST
കൊച്ചി: പൃഥ്വിരാജ് സംവിധാനം ചെയ്ത മോഹന്‍ലാല്‍ ചിത്രം എമ്പുരാനെതിരെ വീണ്ടും ആർഎസ്എസ് മുഖപത്രമായ ഓര്‍ഗനൈസറില്‍ ലേഖനം. ചിത്രം ഭീകരവാദത്തെ വെള്ളപൂശുന്നുന്നുവെന്നാണ് ലേഖനത്തിൽ ആരോപിക്കുന്നത്.
പൃഥ്വിരാജിന്റെ സിനിമകളിൽ ദേശവിരുദ്ധ ആശയങ്ങൾ ആവർത്തിക്കുന്നുവെന്നും വിമർശനമുണ്ട്. കഴിഞ്ഞ ദിവസവും ചിത്രത്തിനെതിരെ ഓർഗനൈസറിൽ ലേഖനം വന്നിരുന്നു.
എമ്പുരാൻ സിനിമയ്ക്ക് ഹിന്ദു വിരുദ്ധ രാഷ്ട്രീയ അജൻഡയുണ്ടെന്നും അതു ചരിത്ര വസ്തുതകളെ ബോധപൂർവം വളച്ചൊടിക്കുകയാണെന്നും സാമൂഹിക ഐക്യത്തിനു ഭീഷണി ഉയർത്തുന്ന രീതിയിൽ തികഞ്ഞ പക്ഷപാതത്തോടെയാണ് സിനിമയിലെ ഉള്ളടക്കം കൈകാര്യം ചെയ്തിരിക്കുന്നതെന്നുമാണ് ലേഖനത്തിൽ ആരോപിച്ചിരുന്നത്.
"മോഹന്‍ലാലിന്റെ എമ്പുരാന്: ഹിന്ദുവിരുദ്ധ രാഷ്ട്രീയ അജന്‍ഡ പ്രചരിപ്പിക്കാന്‍ പൃഥ്വിരാജ് സുകുമാരന്‍ ചിത്രം ഗോധ്രാനന്തര കലാപത്തെ മുതലെടുക്കുന്നു' എന്ന തലക്കെട്ടില്‍ വി. വിശ്വരാജ് ആണ് ലേഖനം എഴുതിയിരുന്നത്.
2002ലെ ഗുജറാത്ത് കലാപത്തിൽ ഹിന്ദുക്കളാണ് കുറ്റക്കാരെന്നു വരുത്താനും രണ്ടു സമുദായങ്ങൾക്കിടയിൽ വിദ്വേഷം വളർത്താനും ഹിന്ദുക്കളെ വില്ലന്മാരായി ചിത്രീകരിക്കാനും സിനിമയിൽ ശ്രമമുണ്ടെന്നും ലേഖനത്തിൽ പറഞ്ഞിരുന്നു
സിനിമാ തെരഞ്ഞെടുപ്പുകള്‍ക്ക് പുറമേ, സംവിധായകൻ പൃഥ്വിരാജ് ദേശവിരുദ്ധ നിലപാടുകള്‍ സ്വീകരിച്ചതായും ആരോപണമുണ്ടെന്ന് ലേഖനം പറയുന്നു. പൃഥ്വിരാജിന്റെ രാഷ്ട്രീയ ചായ്വുകൾ വളരെ വ്യക്തമാണെന്നും എമ്പുരാനിൽ ആ ചായ്വുകൾ വളരെ സൂക്ഷ്മതയോടെ അവതരിപ്പിച്ചിരിക്കുകയാണെന്നും ലേഖനം കുറ്റപ്പെടുത്തിയിരുന്നു.
ഇത്തരം സിനിമയിൽ അഭിനയിക്കാനുള്ള മോഹൻലാലിന്റെ തീരുമാനം അദ്ദേഹത്തിന്റെ ആരാധകരോടുള്ള വഞ്ചനയാണെന്നും ലേഖനത്തിൽ വിമർശിച്ചിരുന്നു. മോഹന്‍ലാലിനെപ്പോലെ പരിചയസമ്പന്നനായ നടന് തന്റെ സിനിമയ്ക്കായി സമുദായങ്ങള്‍ക്കിടയില്‍ വിദ്വേഷം മാത്രം വളര്‍ത്തുന്ന ഒരു പ്രചാരണ കഥ തെരഞ്ഞെടുത്തത് എന്തുകൊണ്ടാണെന്ന് ഇപ്പോഴും ദുരൂഹമാണെന്നും രാഷ്ട്രീയ ഭേദമന്യേ അദ്ദേഹത്തെ പിന്തുണച്ച ആരാധകർ ഇപ്പോൾ പ്രയാസത്തിലാണെന്നും ലേഖനത്തില്‍ പറഞ്ഞിരുന്നു.