നരേന്ദ്ര മോദി ആർഎസ്എസ് ആസ്ഥാനത്ത്; പ്രധാനമന്ത്രിയായതിന് ശേഷം ആദ്യസന്ദർശനം
Sunday, March 30, 2025 11:28 AM IST
നാഗ്പുർ: പ്രധാനമന്ത്രി നരേന്ദ്ര മോദി നാഗ്പുരിലെ ആർഎസ്എസ് ആസ്ഥാനത്തെത്തി. കേന്ദ്രമന്ത്രി നിതിൻ ഗഡ്കരിയും മഹാരാഷ്ട്ര മുഖ്യമന്ത്രി ദേവേന്ദ്ര ഫഡ്നാവിസും ആർഎസ്എസ് മേധാവി മോഹൻ ഭാഗവത്തും മോദിക്കൊപ്പമുണ്ടായിരുന്നു.
ആർഎസ്എസ് സ്ഥാപകൻ ഡോ. കേശവ് ബലിറാം ഹെഡ്ഗേവാറിന്റെ സ്മൃതി മന്ദിരത്തിൽ പ്രധാനമന്ത്രി പുഷ്പങ്ങൾ അർപ്പിച്ചു. ആർഎസ്എസ് നേതൃത്വത്തിലുള്ള മാധവ് നേത്രാലയം ആശുപത്രിയുടെ പുതിയ കെട്ടിടത്തിനു ശിലയിടുന്ന അദ്ദേഹം മോഹൻ ഭാഗവതുമായി വേദി പങ്കിടും. ഭരണഘടനാ ശിൽപി ഡോ. ബി.ആർ.അംബേദ്കർ ബുദ്ധമതം സ്വീകരിച്ച നാഗ്പുരിലെ ദീക്ഷഭൂമിയിലും പ്രധാനമന്ത്രി സന്ദർശനം നടത്തും.
പ്രധാനമന്ത്രിയായതിന് ശേഷം ആദ്യമായിട്ടാണ് മോദി ആർഎസ്എസ് ആസ്ഥാനത്തെത്തുന്നത്. 2013ലാണ് ഇതിന് മുൻപ് മോദി ആർഎസ്എസ് ആസ്ഥാനത്തെത്തുന്നത്. രാഷ്ട്രീയ സ്വയംസേവക സംഘം 100 വർഷം പൂർത്തിയാക്കുന്ന സന്ദർഭത്തിലാണ് പ്രധാനമന്ത്രിയുടെ സന്ദർശനം.