ബ്രസീൽ ലെജൻഡ്സ്-ഇന്ത്യൻ ഓൾ സ്റ്റാർസ് പോരാട്ടം ഇന്ന്
Sunday, March 30, 2025 10:16 AM IST
ചെന്നൈ: ബ്രസീലിന് ഫുട്ബോൾ ലോകകിരീടം സമ്മാനിച്ച ഇതിഹാസ താരങ്ങളും ഇന്ത്യൻ ഓൾ സ്റ്റാർസും ഇന്ന് ജവഹർലാൽ നെഹ്റു സ്റ്റേഡിയത്തിൽ നേർക്കുനേർ. ബ്രസീലിനായി റൊണാൾഡീഞ്ഞോ, റിവാൾഡോ, കഫു തുടങ്ങിയവർ കളത്തിലിറങ്ങുമെന്നാണ് വിവരം.
ബ്രസീൽ സോക്കർ അക്കാദമിയുമായി സഹകരിച്ച് ഫുട്ബോൾ പ്ലസ് സോക്കർ അക്കാദമി മാർച്ച് 31, ഏപ്രിൽ ഒന്ന് തീയതികളിൽ ചെന്നൈയിൽ ഫുട്ബോൾ ഉച്ചകോടി നടത്തുന്നുണ്ട്. ഇതിനു മുന്നോടിയായാണ് ഇന്ന് രാത്രി ഏഴിന് പ്രദർശന മത്സരം നടക്കുന്നത്.
ഗിൽബെർട്ടോ സിൽവ, എഡ്മിൽസൺ, ക്ലെബർസൺ, റിക്കാർഡോ ഒലിവേര, കകാപ്പ, കാമൻഡുകായ, എലിവെൽട്ടൺ, പൗലോ സെർജിയോ, ജോർജിഞ്ഞോ, അമറൽ, ലൂസിയോ, അലക്സ് ഫെറോ, ജിയോവാനി, വിയോള, മാഴ്സെലോ എന്നിവർ ബ്രസീൽ ടീമിന്റെ പട്ടികയിലുണ്ട്.
ക്ലൈമാക്സ് ലോറൻസ്, എൻ.പി. പ്രദീപ്, ശൺമുഖം വെങ്കടേശ്, മെഹ്റാജുദ്ദീൻ വാദൂ, കരൺജിത് സിങ്, നല്ലപ്പൻ മോഹൻരാജ്, മെഹ്താബ് ഹുസൈൻ, അർനാബ് മൊണ്ഡൽ, സയ്യിദ് റഹീം നബി ഇന്ത്യൻ ഓൾ സ്റ്റാർസിനെയും പ്രതിനിധാനം ചെയ്യും.